തെനാലി റെയില്‍വേ സ്റ്റേഷനില്‍ ഗോതി ഗീതാഞ്ജലി എന്ന 32-കാരിയാണ് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കിയത്.
സാമൂഹികമാധ്യമങ്ങളിലെ ട്രോളുകളും നിരന്തരമായ സൈബർ ആക്രമണവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് തളളിവിട്ടതെന്നാണ് പോലീസിന്റെ വിശദീകരണം. യുവതിയുടെ മരണത്തിന് കാരണം പ്രതിപക്ഷ പാർട്ടികളായ ടി.ഡി.പി.യുടെയും ജെ.എസ്.പി.യുടെയും ട്രോളുകളാണെന്ന് ഭരണകക്ഷിയായ വൈ.എസ്.ആർ. കോണ്‍ഗ്രസും ആരോപിച്ചു.
സംസ്ഥാനം ഭരിക്കുന്ന ജഗൻമോഹൻ റെഡ്ഡി സർക്കാരിനെ അഭിനന്ദിച്ച് ഗീതാഞ്ജലി സംസാരിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. എന്നാല്‍, ഈ വീഡിയോക്കെതിരേ വ്യാപകമായ ട്രോളുകളുണ്ടായി. സർക്കാരിനെ വിമർശിക്കുന്ന, പ്രതിപക്ഷ പാർട്ടികളെ അനുകൂലിക്കുന്ന പ്രൊഫൈലുകളില്‍നിന്നാണ് ട്രോളുകളും സൈബർ ആക്രമണവും ഉണ്ടായത്.
ഗീതാഞ്ജലി പണം വാങ്ങിയാണ് സർക്കാരിനെ അനുകൂലിച്ച് സംസാരിച്ചതെന്നായിരുന്നു പ്രധാന ആരോപണം.
മാർച്ച് നാലിന് വൈ.എസ്.ആർ. കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഗീതാഞ്ജലി സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ച് അഭിപ്രായം പറഞ്ഞത്. താൻ ജഗൻമോഹൻ റെഡ്ഡി സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താവാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. സംസ്ഥാന സർക്കാരിന്റെ ‘ജഗനണ്ണ’ ഹൗസിങ് പദ്ധതിയില്‍ പുരയിടം അനുവദിച്ചുനല്‍കിയതിനും യുവതി നന്ദി പറഞ്ഞിരുന്നു.
യുവതിയുടെ വാക്കുകള്‍ക്ക് വൻപ്രചാരണമാണ് വൈ.എസ്.ആർ. കോണ്‍ഗ്രസ് നല്‍കിയത്. ‘സ്റ്റാർ കാമ്ബയിനർ ഓഫ് ദി ഡേ’ എന്ന വിശേഷണത്തോടെയായിരുന്നു വൈ.എസ്.ആർ. കോണ്‍ഗ്രസ് ഗീതാഞ്ജലിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍, വീഡിയോ വൈറലായതോടെ പ്രതിപക്ഷ കക്ഷികളില്‍നിന്ന് വിമർശനമുയർന്നു. സർക്കാരിനെ പ്രകീർത്തിച്ച് സംസാരിക്കാനായി ഗീതാഞ്ജലി പണം വാങ്ങിയെന്നായിരുന്നു പ്രധാന വിമർശനം. യുവതിയെ പരിഹസിച്ചുള്ള ട്രോളുകളും വ്യാപകമായി പ്രചരിച്ചു. ഇതില്‍ മനംനൊന്താണ് ഗീതാഞ്ലി ജീവനൊടുക്കിയത്.
മാർച്ച് ഏഴിനായിരുന്നു സംഭവം.ജന്മഭൂമി എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ട്രെയിനിടിച്ച് ഗുരുതരപരിക്കേറ്റ യുവതിയെ ഗുണ്ടൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.