KeralaNEWS

‘അളമുട്ടിയാൽ ചേരയും കടിക്കു’മെന്ന് പത്മജ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡോ.വി വേണുഗോപാല്‍

കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കില്ലെന്നും, കോൺഗ്രസിന് ശക്തനായ നേതാവില്ലന്നും തുറന്നടിച്ച പത്മജ വേണുഗോപാൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്.

‘‘എന്തുകൊണ്ട് ബിജെപി എന്ന് പലരും ചോദിച്ചു. എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിയിൽ ഉറച്ചുനിൽക്കുന്ന ആളായിരുന്നു ഞാൻ. വല്ലാത്ത വേദനയായിരുന്നു പോകുമ്പോൾ. ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണം. കോൺഗ്രസ് പാർട്ടിക്ക് അതില്ല. ഒരു മാസം മുമ്പ് എഐസിസി ആസ്ഥാനത്തു ചെന്നപ്പോൾ ആരെയാണു കാണേണ്ടതെന്ന് ഞാൻ ആലോചിച്ചു. ആരുമില്ല. ആർക്കും സമയമില്ല. സോണിയ ഗാന്ധി ആരെയും കാണുന്നില്ല. രാഹുൽ ഗാന്ധിക്ക് സമയമില്ല. അന്നെനിക്ക് തോന്നി, ഇതിൽ നിന്നിട്ട് കാര്യമില്ല എന്ന്’’

Signature-ad

ബിജെപി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിനെതിരെ പത്മജ തുറന്നടിച്ചത്.

‘‘ദിവസവും അപമാനിക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് എന്നെ ഒരു കമ്മിറ്റിയിലും ഇടില്ല. തൃശൂരിൽനിന്ന് എന്നെ ഓടിക്കണമെന്നു നാലഞ്ചുപേർ തീരുമാനിച്ചു. നേതൃത്വത്തിനോട് അതിനെക്കുറിച്ചു പറയുമ്പോൾ അവരും വളരെ നിസാരമാക്കി എടുത്തു. അതെന്നെ വേദനിപ്പിച്ചു. കോൺഗ്രസ് വിടുന്നത് കുറച്ചുദിവസങ്ങളായി എന്റെ മനസ്സിലുണ്ടായിരുന്നു. ആരോടും പറഞ്ഞില്ല. അളമുട്ടിയാൽ ചേരയും കടിക്കും.’’
പത്മജ വിശദീകരിച്ചു.

ഇതിനിടെ പത്മജ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഭര്‍ത്താവ് ഡോ. വി. വേണുഗോപാല്‍ തൃശൂരിൽ പറഞ്ഞു.

ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഇനി രാഷ്ട്രീയം ബിജെപി തന്നെയാണെന്നും ഡോ. വേണുഗോപാല്‍ പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശത്തെ വേണുഗോപാല്‍ വിമര്‍ശിച്ചു. രാഹുലിന്റെ പാരമ്പര്യമാണ് അത്തരത്തിലുള്ള പരാമര്‍ശത്തിന് കാരണം. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: