അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. നമ്മുടെ ആവശ്യകതയുടെ 30 ശതമാനത്തിൽ താഴെ മാത്രമാണ് സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. ബാക്കി ആവശ്യമായ വൈദ്യുതി മുഴുവൻ സംസ്ഥാനത്തിനു പുറത്തുനിന്ന് ഉയർന്ന വില നൽകി വാങ്ങി എത്തിക്കുകയാണ് കെ എസ് ഇ ബി ചെയ്തുവരുന്നത്.
ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ 80 ശതമാനത്തോളം ഉത്തരേന്ത്യയിലെ കൽക്കരി ഇന്ധനമാക്കിയ താപവൈദ്യുതി നിലയങ്ങളിൽനിന്നുള്ളതാണ്. വലിയ തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിക്കൊണ്ടാണ് ഇത്തരം താപവൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം പറയേണ്ടതില്ലല്ലോ. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളിൽ നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളിൽ ഉത്പാദിപ്പിക്കുന്നതാണ് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ആഗോളതാപനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കേണ്ടതുണ്ട്.
അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളിൽ സ്വിച്ചോഫ് ചെയ്യുമ്പോൾ ഭൂമിയുടെയും മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെയും നമ്മുടെ ഭാവി തലമുറയുടെയും നന്മയ്ക്കായി നാം ചുവടുവയ്ക്കുകയാണ്.
അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ സ്വിച്ചോഫ് ചെയ്യുന്നതിൽ ജാഗ്രത പുലർത്താം. പ്രകൃതിയെ സംരക്ഷിക്കാം, പണവും ലാഭിക്കാം.