സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തപ്പെട്ടതും കേന്ദ്രത്തിന്റെ നയം മൂലമാണ്. കേന്ദ്രം ഈ മാസം തരേണ്ടിയിരുന്ന 13,600 കോടി സംസ്ഥാനത്തിന് നൽകാതിരുന്നത് കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു.
ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കത്തിന്റെ ഭാഗമാണെന്നതിൽ യാതൊരു സംശയവുമില്ല. സാമ്ബത്തിക വര്‍ഷാവസാനം കേരളത്തിനുള്ള അര്‍ഹമായ വിഹിതം തടയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പകവീട്ടലായേ കണക്കാക്കാന്‍ കഴിയൂ. പെന്‍ഷനും ശമ്ബളവും അടക്കം മുടക്കാനും അതുവഴി ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ശ്രമമാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മാര്‍ച്ചില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ വിഹിതം ഇത്തരത്തിൽ തടഞ്ഞുവയ്ക്കുന്നത്.
57,400 കോടിയുടെ വെട്ടിക്കുറവാണ് ഈ വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത്. ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതവുമായി 7,000 കോട രൂപ കേന്ദ്രം നല്‍കാനുണ്ട്. യുജിസി ശമ്ബള പരിഷ്‌കരണ വിഹിതമായി 750 കോടിയും നല്‍കാനുണ്ട്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഗ്രാന്റിനത്തില്‍ 1,921 കോടിയും, ഭക്ഷ്യ സുരക്ഷാ പദ്ധതിക്കുള്ള വിഹിതത്തില്‍ 1,100 കോടിയും, ദുരിതാശ്വാസങ്ങള്‍ക്കുള്ള വിഹിതത്തില്‍ 139 കോടിയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ടില്‍ 69 കോടിയുമാണ് കുടിശ്ശികയായുള്ളത്. മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക സഹായ വിഹിതമായി 3000 കോടിയും കിട്ടാനുണ്ട്.
ഊര്‍ജ്ജ മേഖലയിലെ പരിഷ്‌കരണം നടപ്പാക്കിയ ഇനത്തില്‍ 4866 കോടി രൂപയാണ് നല്‍കാനുള്ളത്. മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം ഈ തുക നല്‍കിയിട്ടുമുണ്ട്. 32,438 കോടി രൂപയുടെ വായ്പാ അനുമതിയാണ് കേരളത്തിന് ഈ വര്‍ഷം നല്‍കിയത്. ഇതില്‍ 28,830 കോടി മാത്രമേ വായ്പ എടുക്കാന്‍ അനുവദിച്ചുള്ളൂ. പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം തെറ്റായി കണക്കാക്കിയതു മൂലം കടമെടുപ്പില്‍ 4323 കോടിയുടെ കുറവു വരുത്തി. കേന്ദ്ര വിഹിതത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയപ്പോഴും സംസ്ഥാനം ചെലവില്‍ കുറവു വരുത്തിയിട്ടില്ല. 2021 ല്‍ മൊത്തം ചെലവ് 1,38,000 കോടിയാണെങ്കില്‍ ഈ വര്‍ഷമിത് 1,68,000 കോടി രൂപയാണ്.