CrimeNEWS

കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കാസര്‍ഗോഡ്: കഞ്ചാവ് കേസില്‍ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ആസ്പത്രിയില്‍ മരിച്ചു. മഞ്ചേശ്വരം മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫ് (22) ആണ് മരിച്ചത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളുള്ളതായി പോലീസിന്റെ പ്രാഥമികപരിശോധനയില്‍ തെളിഞ്ഞു.

Signature-ad

പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലെത്തിയ മൊയ്തീന്‍ ആരീഫ് തിങ്കളാഴ്ച രാവിലെ ഛര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മംഗളൂരു ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബന്ധു അബ്ദുള്‍ റഷീദിനൊപ്പം ഇരുചക്രവാഹനത്തിലാണ് ഇയാള്‍ മടങ്ങിയത്.

പരേതനായ അബ്ദുള്‍ഖാദറിന്റെയും ആമിനയുടെയും മകനാണ്. സഹോദരങ്ങള്‍: ഷാക്കിറ, ഹാജിറ, മിസ്രിയ, റാസിയ.

Back to top button
error: