CrimeNEWS

ലോക്കറില്‍നിന്ന് 3 കോടിയുടെ സ്വര്‍ണം കവര്‍ന്നു; എസ്.ബി.ഐ മാനേജര്‍ അറസ്റ്റില്‍

മുംബൈ: ബാങ്ക് ലോക്കറില്‍നിന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. മുംബൈയിലെ മുളുന്ദ് വെസ്റ്റിലെ എസ്.ബി.ഐ ശാഖയിലാണ് വന്‍ മോഷണം നടന്നത്. സംഭവത്തില്‍ ഇതേ ബാങ്കില്‍ സര്‍വീസ് മാനേജറായ മനോജ് മാരുതി(33) ആണു പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ബാങ്കിലെ മോഷണവിവരം പുറത്തറിയുന്നത്. മനോജിന്റെയും കാഷ് ഇന്‍ ചാര്‍ജ് ആയ ശ്വേത സൊഹാനിയുടെയും കൈയിലായിരുന്നു ലോക്കറിന്റെ രണ്ടു താക്കോലുണ്ടായിരുന്നത്. മനോജ് അവധിയിലായിരുന്ന ദിവസം ബാങ്ക് അഡ്മിനിസ്ട്രേറ്ററായ അമിത് കുമാര്‍ പണവും സ്വര്‍ണാഭരണങ്ങളും സൂക്ഷിക്കാന്‍ ചെന്നപ്പോഴാണ് ലോക്കറില്‍ അസ്വാഭാവികത തോന്നി പരിശോധന നടത്തിയത്.

Signature-ad

തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണം മോഷണം പോയതായി വ്യക്തമാകുകയായിരുന്നു. ബാങ്കിലെ രേഖകള്‍ പരിശോധിച്ചതില്‍ 63 ഗോള്‍ഡ് ലോണുകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ നാല് പാക്കറ്റുകള്‍ മാത്രമാണു ലോക്കറില്‍ അവശേഷിച്ചിരുന്നത്. ബാക്കി 59 പാക്കുകളും കാണാനില്ലായിരുന്നു. തുടര്‍ന്ന് മനോജ് മാരുതിയെ വിളിച്ചു ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

മൂന്നു കോടി രൂപ വിലമതിക്കുന്ന നാലു കിലോ ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ലോക്കറില്‍നിന്നു കവര്‍ന്നിരുന്നത്. വ്യക്തിപരമായ ആവശ്യത്തിന് എടുത്തതായിരുന്നുവെന്നും ഒരാഴ്ചയ്ക്കകം എല്ലാം തിരിച്ചെത്തിക്കുമെന്നും മനോജ് അവകാശപ്പെട്ടെങ്കിലും സംഭവത്തില്‍ ബാങ്ക് പരാതിയുമായി മുന്നോട്ടുപോയി. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഐ.പി.സി 409 ഉള്‍പ്പെടെയുള്ള വകുപ്പുകളാണു പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മറാത്തവാഡയിലെ നന്ദേഡ് സ്വദേശിയാണ് മനോജ് മാരുതി. നിലവില്‍ മലഡ് ഈസ്റ്റിലാണു താമസം. വര്‍ഷങ്ങളായി ബാങ്കില്‍ ജീവനക്കാരനാണ്.

 

Back to top button
error: