IndiaNEWS

ചൈനയക്ക് ചെക്ക് പറയാന്‍ ഇന്ത്യയുടെ സ്വന്തം സൊറാവര്‍; ലഡാക്ക് ലക്ഷ്യമിട്ട് തകര്‍പ്പന്‍ ലൈറ്റ് ബാറ്റില്‍ ടാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ നിരയിലേക്ക് കൂടുതല്‍ കരുത്തുമായി എത്താനൊരുങ്ങുകയാണ് സൊറാവര്‍. തദ്ദേശീയമായി വികസിപ്പിക്കുന്ന ലൈറ്റ് ബാറ്റില്‍ ടാങ്ക്. ലഡാക്ക് പോലെ ഉയര്‍ന്ന പര്‍വതമേഖലയും ദുഷ്‌കരവും ഇടുങ്ങിയതുമായ പാതകളുള്ളതുമായ സ്ഥലങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ടാണ് സൊറാവറിന്റെ വരവ്.

1948 നവംബറിലെ ഇന്ത്യ-പാക്ക് യുദ്ധകാലത്ത് 6 ലൈറ്റ് ടാങ്കുകളെ ലഡാക്കിലേക്ക് എത്തിച്ചു. ടാങ്കിന്റെ വീര്യത്തില്‍ പാക്കിസ്ഥാന്‍ സേന അവിടെ നിഷ്പ്രഭരായി പോയി. സോജില പാസ് പോരാട്ടത്തില്‍ ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കി. 1962 യുദ്ധത്തില്‍ ചൈനയ്ക്കെതിരെ ഇന്ത്യ ഫ്രഞ്ച് നിര്‍മിത എഎംഎക്സ് ലൈറ്റ് ടാങ്കുകള്‍ ഉപയോഗിച്ചിരുന്നു. ഈ ടാങ്കുകള്‍ വളരെ ഉപയോഗപ്രദമായിരുന്നു. ലേയിലേക്ക് ചൈനീസ് സേന എത്താതെ പ്രതിരോധിക്കുന്നതില്‍ ഈ ടാങ്കുകള്‍ നിര്‍ണായകമായി.

Signature-ad

എന്നാല്‍ 1970 ആയതോടെ മീഡിയം ടാങ്കുകള്‍ക്ക് ഇന്ത്യ വലിയ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങി. പഞ്ചാബിലെ സമതലങ്ങളിലും രാജസ്ഥാനിലെ ഊഷരനിലങ്ങളിലുമൊക്കെ ഉപയോഗിക്കാന്‍ മീഡിയം ടാങ്കുകളായിരുന്നു കൂടുതല്‍ അഭികാമ്യം. എന്നാല്‍, 2020ല്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സേനകള്‍ തമ്മില്‍ ഉടലെടുത്ത സ്റ്റാന്‍ഡോഫിനു ശേഷം ലൈറ്റ് ടാങ്കുകളുടെ പ്രസക്തി വെളിപ്പെട്ടു.

ചൈനയുടെ കൈവശം ധാരാളം ലൈറ്റ് ടാങ്കുകളുണ്ട്. ഇതെത്തുടര്‍ന്നാണ് സൊറാവറിന്റെ വികസനത്തിലേക്ക് ഡിആര്‍ഡിഒ കടന്നത്. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയുടെ സഹകരണവും പദ്ധതിക്കുണ്ട്. ഏപ്രില്‍, മേയ് മാസത്തില്‍ സൊറാവറിന്റെ പരീക്ഷണങ്ങള്‍ നടക്കുമെന്നാണു കരുതപ്പെടുന്നത്.

ലഡാക്കിന്റെ വിജയി എന്നറിയപ്പെടുന്ന സൊറാവര്‍ സിങ് കലൂറിയയുടെ പേരിലാണു ടാങ്ക് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. 19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൊറാവര്‍ ജമ്മു രാജാവായ രാജാ ഗുലാബ് സിങ്ങിനു കീഴിലായിരുന്നു സൈനികസേവനം. വികസനഘട്ടം പൂര്‍ത്തിയായി സൈന്യത്തിന്റെ ഭാഗമാകുന്നതോടെ, ചൈനയുടെ സെഡ്ടിക്യു ബാറ്റില്‍ ടാങ്കിനു മികച്ചൊരു മറുപടിയാകും സൊറാവര്‍. നിര്‍മിത ബുദ്ധിയും ഡ്രോണുകളുമായി സംയുക്ത ദൗത്യങ്ങളിലേര്‍പ്പെടാനുള്ള ശേഷിയും ഭാരക്കുറവും ഉയര്‍ന്ന ആക്രമണശേഷിയും ഈ ടാങ്കിന് നിര്‍ണായകമായ ഒരു സ്ഥാനം നല്‍കുന്നു.

 

Back to top button
error: