IndiaNEWS

33 സിറ്റിങ് സീറ്റുകളില്‍ പുതുമുഖങ്ങളെ ഇറക്കി ബിജെപി; പ്രഗ്യാ സിങ്, ജയന്ത് സിന്‍ഹ, ഹര്‍ഷ്വര്‍ധന്‍, ലേഖി പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രഖ്യാപിച്ച ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 33 സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി ബിജെപി. ഇന്നലെ 16 സംസ്ഥാനങ്ങളിലായി 195 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഇതില്‍ 33 സിറ്റിങ് സീറ്റുകളിലാണ് ബിജെപി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. അസമിലെ 11 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ ആറു പേര്‍ മാത്രമാണ് സിറ്റിങ് എംപിമാര്‍. ബാക്കിയുള്ള അഞ്ചു പേരും പുതുമുഖങ്ങളാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സില്‍ച്ചറില്‍ നിന്ന് വിജയിച്ച രാജ്ദീപ് റോയിയെ മാറ്റി പകരം പരിമള്‍ ശുക്ലബൈധ്യയെയാണ് മത്സരിപ്പിക്കുന്നത്. ദിബ്രുഗഡ് മണ്ഡലത്തിലെ സിറ്റിങ് എംപിയായ രാമേശ്വര്‍ തെലിക്ക് പകരം കേന്ദ്രമന്ത്രി സര്‍ബാനന്ദ് സൊനോവാള്‍ മത്സരിക്കും.

ഛത്തീസ്ഗഡിലെ 11 സീറ്റുകളില്‍ നാലു പേര്‍ പുതുമുഖങ്ങളാണ്. റായ്പുരില്‍ സിറ്റിങ് എംപി സുനില്‍ കുമാര്‍ സോണിക്കു പകരം മുതിര്‍ന്ന ബിജെപി നേതാവ് ബ്രിജ്‌മോഹന്‍ അഗര്‍വാളാണ് എത്തുന്നത്. ഡല്‍ഹിയിലെ അഞ്ചു സീറ്റുകളില്‍ നാലെണ്ണത്തിലും മത്സരിക്കാനിറങ്ങുന്നത് പുതുമുഖങ്ങളാണ്. രണ്ടുതവണ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍ഷ്വര്‍ധനെ ഒഴിവാക്കി ചാന്ദ്‌നി ചൗക്ക് ലോക്‌സഭാ സീറ്റില്‍ പ്രവീണ്‍ ഖണ്ഡേല്‍വാളിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഡല്‍ഹി വെസ്റ്റില്‍നിന്ന് രണ്ടുതവണ എംപിയായ പര്‍വേഷ് സാഹിബ് സിങ് വര്‍മയെ മാറ്റി കമല്‍ജീത് ഷെരാവത്തിനെ നിര്‍ത്തി. മീനാക്ഷി ലേഖിയുടെ മണ്ഡലമായിരുന്ന ന്യൂഡല്‍ഹിയില്‍ നിന്നാണ് സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി മത്സരിക്കാന്‍ ഇറങ്ങുന്നത്.

Signature-ad

ഗുജറാത്തില്‍ പ്രഖ്യാപിച്ച 15 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളില്‍ അഞ്ച് സിറ്റിങ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്. അഹമ്മദാബാദ് വെസ്റ്റില്‍ നിന്ന് മൂന്നു തവണ എംപിയായ കിരിത് സോളങ്കിക്ക് പകരം ദിനേശ്ഭായ് കിദര്‍ഭായി മക്വാനയെ നിര്‍ത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. പോര്‍ബന്തറില്‍ സിറ്റിങ് എംപി രമേഷ്ഭായ് ലവ്ജിഭായ് ധഡുക്കിന് പകരം കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ എത്തുന്നു. ജാര്‍ഖണ്ഡില്‍ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹയുടെ മണ്ഡലം മനിഷ് ജയ്സ്വാളിനു നല്‍കി.

മധ്യപ്രദേശില്‍ ഏഴ് സിറ്റിങ് എംപിമാര്‍ക്ക് പകരമാണ് പുതിയ മുഖങ്ങള്‍ അവതരിപ്പിക്കുന്നത്. ഗുണയിലെ സിറ്റിങ് എംപി കൃഷ്ണപാല്‍ സിങ്ങിന് പകരം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയാണ് ബിജെപി പരീക്ഷിക്കുന്നത്. വിദിഷ എംപി രമാകാന്ത് ഭാര്‍ഗവയ്ക്ക് പകരം മുന്‍മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനാണ് ജനവിധി തേടുക. ഭോപ്പാലില്‍ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രഗ്യാ സിങ്ങിനു പകരം അലോക് ശര്‍മയാണ് സ്ഥാനാര്‍ഥി.

Back to top button
error: