KeralaNEWS

ആലപ്പുഴയില്‍ മുതിര്‍ന്ന വനിതാ നേതാവ്‌ ശോഭാ സുരേന്ദ്രനെ സ്‌ഥാനാര്‍ഥിയാക്കി ബി.ജെ.പി

ആലപ്പുഴ : എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വീണ്ടും മത്സരരംഗത്തേക്കെന്ന സൂചനകള്‍ ശക്‌തമായിരിക്കെ ആലപ്പുഴയില്‍ മുതിര്‍ന്ന വനിതാ നേതാവ്‌ ശോഭാ സുരേന്ദ്രനെ സ്‌ഥാനാര്‍ഥിയാക്കി ബി.ജെ.പി.

ആലപ്പുഴയിലെ സ്‌ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട്‌ പ്രാഥമികചര്‍ച്ചകളില്‍ ഇല്ലാതിരുന്നയാളാണ്‌ ബി.ജെ.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കൂടിയായ ശോഭാ സുരേന്ദ്രന്‍.

Signature-ad

കഴിഞ്ഞതവണ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായ ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ ഇവിടെ 187729 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണയും ഡോ. രാധാകൃഷ്‌ണന്റെ പേര്‌ ഉയര്‍ന്നു കേട്ടിരുന്നു. ഇതോടൊപ്പമുണ്ടായിരുന്നത്‌ കൊല്ലപ്പെട്ട രണ്‍ജീത്ത്‌ ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ രണ്‍ജിത്ത്‌, ബി.ജെ.പി. സംസ്‌ഥാന വക്‌താവ്‌ സന്ദീപ്‌ വാചസ്‌പതി തുടങ്ങിയവരുടെ പേരുകളാണ്‌. ഇതില്‍ രാധാകൃഷ്‌ണനും ലിഷയും മത്സരിക്കാന്‍ വൈമനസ്യം അറിയിച്ചിരുന്നതായാണു വിവരം.

ഇതിനിടെയാണ്‌ ഇന്നലെ ദേശീയനേതൃത്വം പ്രഖ്യാപിച്ച ആദ്യഘട്ടസ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ശോഭാ സുരേന്ദ്രനും ഉള്‍പ്പെട്ടത്‌. ശോഭ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ ആലപ്പുഴ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഇത്തരമൊരു നീക്കം ബി.ജെ.പി. ജില്ലാ നേതൃത്വവും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ്‌ അറിയുന്നത്‌.

പാര്‍ട്ടി സംസ്‌ഥാന നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‌ അവരാഗ്രഹിച്ച സീറ്റല്ല ലഭിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ ഉന്നതനേതാവ്‌ മത്സരിക്കാന്‍ സാധ്യതയുള്ള മണ്ഡലമെന്ന നിലയില്‍ കടുത്ത ത്രികോണപ്പോരാട്ടം ലക്ഷ്യമിട്ടുള്ളതാണു ബി.ജെ.പി. ദേശീയനേതൃത്വത്തിന്റെ ഈ നീക്കം.

ആലപ്പുഴയിലെ സാമുദായിക സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ്‌ ഈഴവ സമുദായാംഗമായ ശോഭയെ ഇറക്കിയുള്ള ബി.ജെ.പിയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്‌. 2019 ല്‍ എല്‍.ഡി.എഫിനു ലഭിച്ച ഏക സീറ്റാണ്‌ ആലപ്പുഴ. അന്നു വിജയിച്ച എ.എം. ആരിഫിനെത്തന്നെയാണ്‌ ഇത്തവണയും സി.പി.എം. സ്‌ഥാനാര്‍ഥിയാക്കിയിരിക്കുന്നത്‌.

Back to top button
error: