
സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ജയകുമാർ ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഭർതൃമാതാവ് നിരന്തരം പീഡിപ്പിച്ചിരുന്നതില്‍ മനംനൊന്താണ് മകള്‍ മരിക്കാൻ കാരണമെന്നും പരാതിയില്‍ പറയുന്നു.
മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് ഹരീഷ്മയുടെ ഭർത്താവ് പ്രശാന്ത്.ഇയാളുടെ വീട്ടില്‍ മാതാപിതാക്കളും മൂത്ത രണ്ട് ആണ്‍മക്കളുമാണ് താമസിക്കുന്നത്.സഹോദരങ്ങള്‍ അവിവാഹിതരാണ്.
ഹരിഷ്മയുടെ ആറുമാസം പ്രായമായ കുഞ്ഞിനെ ഭർത്തൃമാതാവ് നോക്കാറില്ലത്രേ. ഇതുസംബന്ധിച്ച് ഭർത്തൃമാതാവും ഹരിഷ്മയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ട്.സംഭവദിവസം പ്രശാന്ത് ഹരിഷ്മയ്ക്ക് വാങ്ങി നല്കിയ ആക്ടീവ സ്കൂട്ടറില്‍ പ്രശാന്തിന്റെ മാതാപിതാക്കള്‍ പോകാനൊരുങ്ങിയപ്പോള്‍ ഹരിഷ്മ തടസംനിന്നു. തുടർന്ന് പ്രശാന്ത് ഹരീഷ്മയെ അനുനയിപ്പിച്ച് മലയിൻകീഴിലെ വീട്ടില്‍ കുഞ്ഞുമൊത്ത് ഓട്ടോറിക്ഷയില്‍ പോകാൻ പണം നല്കി. ശേഷം ഇയാള്‍ രാവിലെ 9ഓടെ ജോലിക്ക് പോയി.അതിനുശേഷം വീണ്ടും അമ്മായിഅമ്മയും മരുമകളും തമ്മില്‍ വഴക്കുണ്ടാകുകയും, തുടർന്ന് ഹരിഷ്മ മുറിക്കുള്ളില്‍ കയറി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ഹരിഷ്മയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്. മകള്‍ മുറിക്കുള്ളില്‍ കയറി കൃത്യം നടത്തുന്ന സമയം ഭർത്തൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ തൊട്ടില്‍ക്കയറിലാണ് തൂങ്ങുന്നത്. ഏറെനേരം കഴിഞ്ഞിട്ടും ഹരിഷ്മ പുറത്തേക്ക് വരാത്തതിനെ തുടർന്നാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്.
തിരുവനന്തപുരത്ത് ജോലിക്ക് പോയിരുന്ന ഹരിഷ്മയുടെ ഭർത്താവ് പ്രശാന്ത് എത്തിയാണ് കതക് ചവിട്ടി പൊളിച്ചതെന്നാണ് ഭർത്തൃവീട്ടുകാർ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.എന്നാല്‍ ഇവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് ജയൻ പറയുന്നത്. മകള്‍ക്ക് മലയിൻകീഴ് 12 ലക്ഷം രൂപ വില വരുന്ന വസ്തുവും 6 പവന്റെ സ്വർണാഭരണങ്ങളും കല്യാണസമയത്ത് നല്‍കിയിരുന്നു.എന്നാല്‍ സ്ത്രീധന പ്രശ്നവുമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൊവിഡ് സമയത്തായിരുന്നു ഇവരുടെ വിവാഹം.പൊലീസ് ഇരുവീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.






