തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകും. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് കാരണം. ഓണ്‍ലൈന്‍ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേര്‍ക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ ട്രഷറിയിലേക്ക് പണമെത്തിക്കാന്‍ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്.
പണമെത്തിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയില്‍ നിക്ഷേപിക്കണം. പ്രതിഷേധം കടുപ്പിച്ച് ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം വൈകുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിഷേധം ഉണ്ട്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാന്‍ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമായി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടര്‍ന്നെന്ന് വിവരമുണ്ട്. സാങ്കേതിക പ്രശ്നമെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും കൂടുതല്‍ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ ഓണ്‍ലൈനായോ പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. ശമ്പളം ക്രഡിറ്റ് ചെയ്തെന്ന് വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്നാണ് ആരോപണം. ആഭ്യന്തരം, റവന്യു, ട്രഷറി, ജിഎസ്ടി വകുപ്പുകളിലും സെക്രട്ടേറിയേറ്റിലുമായി ഏകദേശം 97000 പേര്‍ക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്.