ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ എം.ടി. ശാന്തന്‍ (55) അന്തരിച്ചു. ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചെന്നൈയില്‍ ചികിത്സയിലായിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് അന്ത്യം.
പ്രായമായ അമ്മയെ കാണുന്നതിനായി എത്രയും പെട്ടെന്ന് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇരു സര്‍ക്കാരുകള്‍ക്കും ശാന്തന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, ദിവസങ്ങള്‍ക്ക് മുമ്പ് ശാന്തന്‍ എന്ന സ്വതന്ത്രരാജയ്ക്ക് ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകാന്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചിരുന്നു. യാത്രാ രേഖകള്‍ ശ്രീലങ്ക സര്‍ക്കാരും നേരത്തേ കൈമാറിയിരുന്നു.
രാജീവ് വധക്കേസില്‍ 32 വര്‍ഷത്തോളം ജയിലില്‍ കിടന്ന ആറു പേരെ 2022 നവംബര്‍ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ഇതില്‍ തമിഴ്നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കന്‍ പൗരന്മാരായ ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ തിരുച്ചിറപ്പള്ളി ജയിലിനുള്ളില്‍ വിദേശ കുറ്റവാളികള്‍ക്കായുള്ള ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പാസ്‌പോര്‍ട്ടും യാത്രാ രേഖകളും ഇല്ലാത്തതുകൊണ്ടാണ് ഇവര്‍ക്ക് ജയിലിനു സമാനമായ ക്യാമ്പില്‍ കഴിയേണ്ടിവന്നത്.