ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്റോഫ് പരിപാടിക്കിടെ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. നിയന്ത്രണം വിട്ട ജനക്കൂട്ടത്തിനുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു പൊലീസ്. റിലീസിനൊരുങ്ങുന്ന ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍’ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. ജനക്കൂട്ടത്തില്‍നിന്നു ചെരിപ്പേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ച ലഖ്നൗവിലെ ചരിത്രപ്രസിദ്ധമായ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും സമ്മാനങ്ങള്‍ വാരിവിതറിയതോടെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്. ബാരിക്കേഡും തകര്‍ത്ത് വേദിയിലേക്ക് ആരാധകര്‍ ഓടിയടുത്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
ആരാധകര്‍ പരിഭ്രാന്തരായി ഗ്രൗണ്ടിന്റെ നാലുപാടും ചിതറിയോടി. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് സ്റ്റേഡിനുനേരെ ചെരിപ്പേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിനു പിന്നാലെ പരിപാടി പൂര്‍ത്തിയാക്കാതെ താരങ്ങള്‍ വേദി വിട്ടു.
പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ലാത്തിച്ചാര്‍ജ് നടപടി നിഷേധിക്കുകയാണ് പൊലീസ്.