കോട്ടയം: ബൈക്കുകള്‍ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31)ആണ് മരിച്ചത്.നടൻ ടൊവിനോയുടെ ഷെഫ് ആയിരുന്നു.
മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ പട്ടിത്താനം- മണർകാട് ബൈപാസില്‍ ചെറുവാണ്ടൂർ കെഎൻബി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. നടൻ ടൊവിനോയുടെ പാചകക്കാരനായ വിഷ്ണു പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാരലല്‍ കോളജ് അധ്യാപകനായിരുന്ന പരേതനായ ശിവാനന്ദൻ-രാജി ദമ്ബതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സഹോദരങ്ങള്‍: ശ്രീജ, ജ്യോതി. സംസ്കാരം ഇന്ന് 4നു വെച്ചൂരിലെ വീട്ടുവളപ്പില്‍.