KeralaNEWS

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും  ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയും ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയുമാണ് തലസ്ഥാന നഗരത്തില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിമാനത്താവളം, ശംഖുമുഖം, ഓള്‍ സെയിന്റ്സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്ബ, പൗണ്ട്കടവ് വരെയുള്ള റോഡിലും ഓള്‍ സെയിന്റ്സ് ജംക്‌ഷൻ മുതല്‍ ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, വിജെടി, സ്പെൻസർ ജംക്‌ഷൻ,‍ സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെൻട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ഇവിടെ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല.

Signature-ad

ബുധൻ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിമാനത്താവളം, ശംഖുമുഖം, ഓള്‍ സെയിന്റ്സ്, ചാക്ക, ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിലൊന്നും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല.

വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണം. ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ വെണ്‍പാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കല്‍, കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ വഴിയും രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ വെണ്‍പാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കല്‍, അനന്തപുരി ആശുപത്രി, സർവീസ് റോഡ് വഴിയും പോകണം.

സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള പദയാത്ര സമാപന സമ്മേളനത്തിന് എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയശേഷം ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ, കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാർക്ക് ചെയ്യണം. നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങളില്‍ നാളെയും ബുധനാഴ്ചയും ഡ്രോണ്‍ പറത്തുന്നത് കർശനമായി നിരോധിച്ചതായി പൊലീസ് അറിയിച്ചു.

Back to top button
error: