Social MediaTRENDING
തെക്കേ ഇന്ത്യ ഒരിക്കലും ബിജെപിക്ക് അനുകൂലമല്ല; അതിനാൽ അവർ ഇക്കാര്യം ചെയ്യുന്നു
News DeskFebruary 24, 2024
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്.എന്നാൽ അവർക്ക് തിരിച്ചു കിട്ടുന്ന നികുതിവിഹിതം നാൾക്കുനാൾ കുറഞ്ഞുവരികയാണ്.കാരണം മറ്റൊന്നല്ല-മുടുപ്പിക്കുക തന്നെ ലക്ഷ്യം
ഇന്ത്യയെ അതിന്റെ വൈജാത്യങ്ങൾക്കും വൈവിധ്യങ്ങൾക്കും ഉപദേശീയതകൾക്കും അവയുടെ സ്വയം ഭരണാവകാശത്തിനും ഇടമുള്ള ഒരു സ്ഥലമായല്ല ഹിന്ദുത്വ രാഷ്ട്രീയം കാണുന്നത്.
ബി ജെ പിയും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയവും ഇന്ത്യയിൽ രാഷ്ട്രീയാധികാരം നേടിയതോടെ ഈ പ്രശ്നം കൂടുതൽ രൂക്ഷമാവുകയുമാണ്.ഹിന്ദുത്വ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ഒരു മതാത്മക രാജ്യമായാണ് അവർ ഇന്ത്യയെ പുനഃസംഘടിപ്പിക്കുന്നത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും അതിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടിയിലെ തർക്കത്തിൽ പറഞ്ഞ വിധിയിൽ സുപ്രീം കോടതി ആദ്യത്തെ പ്രശ്നം പ്രകടമായും രണ്ടാമത്തേത് ഒഴിഞ്ഞുമാറിയും ശരിവെച്ചതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള നിലനിൽപ്പ് തന്നെ അപകടത്തിലായിക്കഴിഞ്ഞു.
എന്നാൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഹിന്ദുത്വ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെക്കേ ഇന്ത്യയിൽ ആധിപത്യം നേടാൻ കഴിയാത്തതാണ്. രാഷ്ട്രീയാധികാര തലത്തിലേക്ക് കയറാൻ കഴിയാത്ത വിധത്തിൽ, കർണാടകയിലെ ഇടവേളകളൊഴിച്ചാൽ, തെക്കേ ഇന്ത്യ ഇതുവരെയെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബാലികേറാമലയാണ്. അതേസമയം തെക്കേ ഇന്ത്യയെ ഒഴിച്ചുനിർത്തി ഹിന്ദി പ്രദേശത്തെ സീറ്റുകളും വോട്ടും കൊണ്ട് മൊത്തം ഇന്ത്യയെയും ഭരിക്കാൻ ബി ജെ പിക്ക് കഴിയുന്നുമുണ്ട്. പശുവും അയോധ്യയിലെ ക്ഷേത്രവുമൊക്കെ അതിന് കാര്യകാരണങ്ങളാണ്.അതിലുപരി ആ ജനതയുടെ നിരക്ഷരതയും!
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ, സാമൂഹ്യ പരിസരം സൃഷ്ടിച്ചു എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്.അതിന് കാരണം, കോർപ്പറേറ്റ് കൊള്ളയുടെയും മുതലാളിത്ത ചൂഷണ സംവിധാനത്തിന്റെയുമൊക്കെ കാര്യത്തിൽ നാം ഒരുപിടി മുന്നോട്ടു പോയെന്നതാണ്.എല്ലാ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ഒരുപോലെയെന്നല്ല, എന്നാൽ അതിന്റെ അടിത്തട്ടിൽ ചില പൊതുഘടകങ്ങൾ കാണാം.
ജനസംഖ്യാ വർധനവിനെ പിടിച്ചുനിർത്തിയത്, സാക്ഷരതാ നിരക്ക്, ആരോഗ്യരംഗത്തെ മുന്നേറ്റം, വടക്കേ ഇന്ത്യയെ അപേക്ഷിച്ച് മെച്ചപ്പെട്ട ഭരണസംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്. എന്നാൽ ഇത്തരം നേട്ടങ്ങളെല്ലാം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയാവകാശങ്ങൾക്ക് വിലങ്ങുതടിയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഭരണഘടനാപരമായി സംസ്ഥാനങ്ങളുമായി നികുതിവരുമാനം പങ്കുവെക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്.എന്നാൽ ധനകാര്യ കമീഷൻ വെച്ച മാനദണ്ഡങ്ങളെല്ലാം മേൽപ്പറഞ്ഞ സൂചികകളിൽ മുന്നിൽ നിൽക്കുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം വെട്ടിക്കുറയ്ക്കാനുള്ള മാർഗമായി മാറുകയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ അവർക്ക് തിരിച്ചു കിട്ടുന്ന നികുതിവിഹിതം നാൾക്കുനാൾ കുറഞ്ഞുവരികയാണെന്നതാണ് യാഥാർത്ഥ്യം.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് സംസ്ഥാനങ്ങൾ പിരിക്കുന്ന മൊത്തം നികുതി പിരിവിൽ നിന്നും തിരികെ നൽകുന്ന തുക 15-ാം ധനകാര്യ കമീഷൻ 41% മായി ഉയർത്തി. എന്നാൽ ഫലത്തിൽ ഇപ്പോഴുമത് 32% മായി കറങ്ങിത്തിരിഞ്ഞു നിൽക്കുകയാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതമായി ലഭിക്കേണ്ട തുകയും ഭീമമായി കുറയുകയാണ്.
ഉദാഹരണത്തിന് തമിഴ്നാട് ഒരു രൂപ കേന്ദ്രത്തിന് നികുതി പിരിച്ചുനൽകുമ്പോൾ കേന്ദ്രം അതിന്റെ വിഹിതമായി മടക്കിനൽകുന്നത് 29 പൈസയാണ്. കേരളത്തിന്റെകാര്യത്തി ൽ ഇത് 57 പൈസയും കർണാടകത്തിന് 15 പൈസയും തെലങ്കാനയ്ക്ക് 43 പൈസയുമാണ്.
ഇനി ഹിന്ദി ഭൂപ്രദേശത്തെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കിട്ടുന്നത് അറിയുമ്പോഴാണ് ഈ സംവിധാനം ഇങ്ങനെ സമാധാനപരമായി മുന്നോട്ടുപോകാനുള്ള സാധ്യതയില്ലെന്ന് നമുക്ക് മനസിലാവുക. ഒരു രൂപ നികുതി പിരിച്ചു നൽകിയാൽ മധ്യപ്രദേശിന് 2.42 രൂപയും ഉത്തർ പ്രദേശിന് 2.73 രൂപയും രാജസ്ഥാന് 1.33 രൂപയും ബിഹാറിന് 7.06 രൂപയുമാണ് കേന്ദ്രം തിരികെ നൽകുന്നത്. നേരത്തെക്കണ്ട ജനസംഖ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവയടക്കമുള്ള പല കാരണങ്ങളും ഇതിനു പിൻബലമായി കേന്ദ്രം പറയും.പക്ഷെ അത്തരത്തിലൊരു സേവനത്തിന് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ നിര്ബന്ധിക്കുന്നതിനു ചരിത്രപരമായ ന്യായമില്ല എന്നതാണ് വസ്തുത.
എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യ അതിന്റെ ചരിത്രാസ്തിത്വത്തിലെ ഏറ്റവും നിർണ്ണായകമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അത് തുടങ്ങിയിട്ടേയുള്ളൂ എന്നതുകൊണ്ടാണ് നമുക്കിപ്പോൾ അത് അത്ര കണ്ട് രൂക്ഷമായി മനസിലാകാത്തത്.
പൂർണ്ണമായും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കയ്യിലേക്ക് പോകാവുന്ന രീതിയിൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടക്കാൻ പോവുകയാണ്. 2026-ൽ ഇതിനുള്ള പ്രക്രിയ ആരംഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഈ ‘പശു’ ഭൂമിയിൽ നിന്നാണ് ബി ജെ പി അവരുടെ 80% സീറ്റും നേടുന്നത് എന്നോർക്കണം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പുകൂടി കണക്കിലെടുത്താണ് 1976-ൽ ലോക്സഭ മണ്ഡലങ്ങളുടെ പുനഃക്രമീകരണം 2001 വരെ നിർത്തിവെക്കാൻ നിശ്ചയിച്ചത്. 2001-ൽ വീണ്ടും ഇതേ ആകുലതകളും എതിർപ്പും മുൻനിർത്തി 84-ാം ഭരണഘടനാ ഭേദഗതിയിലൂടെ പുനഃക്രമീകരണ പ്രക്രിയ 2026 വരേക്ക് നീട്ടി. നിലവിലെ ഈ അവസ്ഥ മാറാൻ പോവുകയാണ്. അതോടെ ഇപ്പോൾ ലോക്സഭയിൽ 42%-മുള്ള ഹിന്ദി മേഖലയുടെ പ്രാതിനിധ്യം 48%-ത്തിനു മുകളിലേക്കാകും. തെക്കേ ഇന്ത്യയുടെ നിലവിലെ 24% എന്ന പ്രാതിനിധ്യം 20%-മാകും.
ഇത്തരത്തിലൊരു ഇന്ത്യയിൽ എന്തുതരം നിലനിൽപ്പായിരിക്കും തെക്കേ ഇന്ത്യയുടേത് എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തെ ഭരണാധികാരത്തിൽ നിലനിർത്തുന്ന വടക്കേ ഇന്ത്യയുടെ സമ്പൂർണ്ണാധിപത്യവുമായി ചേർത്തുവായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
ഒരു രാഷ്ട്രീയ നിർമിതിയായാണ് ഒരു ആധുനിക ദേശരാഷ്ട്രം സൃഷ്ടിക്കപ്പെടുന്നത്. അത് കേവലമായ വൈകാരികതയുടെ അടിസ്ഥാനത്തിൽ നിലനിൽക്കില്ല. അത് ഒരു ആശയം എന്ന നിലയിൽ വികസിക്കുന്നത് ശൂന്യതയിൽ നിന്നല്ല. മൂർത്തമായ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുമാണ്. ഒരു ആധുനിക ദേശ- രാഷ്ട്രത്തിനെ സാധ്യമാക്കുന്ന ഘടകങ്ങളിലൊന്നാണ് ദേശീയത. എന്നാൽ അത്തരത്തിലൊരു ദേശീയതയെ നിർമിച്ചെടുക്കുന്ന ചരിത്ര, രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റം ബിജെപി ഒരിക്കലും ആഗ്രഹിക്കുന്നില്ല.കാരണം അതവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ് !