കഴിഞ്ഞ ദിവസങ്ങളിലായി വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. ദിവസങ്ങളോളം അയോദ്ധ്യയില്‍ താമസിച്ചാണ് ഭക്തർ ക്ഷേത്ര ദർശനം നടത്തുന്നത്.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ ബാലകരാമനെ കാണാൻ രാമജന്മഭൂമിയില്‍ എത്തിക്കൊണ്ടിരിക്കെ ഭക്ഷണത്തിന്റെയും റൂമിന്റെയുമൊക്കെ റേറ്റിൽ നാലിരട്ടി വർധന വരുത്തിയിരിക്കുകയാണ് ഇവിടുത്തെ ഹോട്ടലുകളും ലോഡ്ജുകളുമൊക്കെ.
അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം തുറന്ന റെസ്റ്റോറന്റിൽ ഒരു ചായയ്ക്കും രണ്ട് കഷണം ബ്രഡ് ടോസ്റ്റിനുമായി 252 രൂപ ഈടാക്കിയത് നേരത്തെ വാർത്തയായിരുന്നു.സംഭവം വിവാദമായതോടെ അധികൃതർ അന്ന് നടപടിയെടുത്തിരുന്നെങ്കിലും ഇന്നത്തെ സ്ഥിതി അതിലും കഷ്ടമാണ്.
അയോദ്ധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.55 ലക്ഷത്തോളം ഭക്തരാണ് ക്ഷേത്രത്തില്‍ ഇതുവരെ ദർശനത്തിനായി എത്തിയത്.
15 ദിവസത്തിനുള്ളില്‍ തന്നെ 30 ലക്ഷത്തിലധികം പേര് ക്ഷേത്ര ദര്‍ശനം നടത്തി.പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദർശനം നടത്തുന്നതെന്ന് ക്ഷേത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു.രാമക്ഷേത്രം തുറന്ന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 12.8 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്.
സരയൂ നദിയില്‍ സ്നാനം ചെയ്ത ശേഷമാണ് ഭക്തർ ക്ഷേത്ര ദർശനം നടത്തുന്നത്.ഭഗവാൻ ശ്രീരാമന്റെ പുണ്യരൂപം ദർശിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്നും എന്നാൽ നഗരത്തിലെ കൊള്ള താങ്ങാൻ കഴിയില്ലെന്നും ഭക്തർ പ്രതികരിച്ചു.