രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതും , ശബരിമല വിഷയവുമാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റുകളും തൂത്തുവാരാന്‍ യു.ഡി.എഫിനെ സഹായിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് വിലയിരുത്തി ഇത്തവണ എന്തായാലും കേരളം യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പോകുന്നില്ല. അതു പോലെ തന്നെ ശബരിമല വിഷയവും ഈ തിരഞ്ഞെടുപ്പില്‍ ഏശുകയില്ല.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടാന്‍ പോകുന്നത് തീവ്ര ഹിന്ദുത്വ വാദികളായ നരേന്ദ്ര മോദി സര്‍ക്കാറിനെ ചെറുക്കാനുള്ള ആര്‍ജ്ജവം ആര്‍ക്കാണെന്നതാണ്. കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ വരുമെന്ന് ഉറപ്പായതോടെ ഇനി മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ നോക്കുക ഇതാണ്.കേരളത്തിൽ തീർച്ചയായും ഇക്കാര്യത്തിൽ മേല്‍ക്കോയ്മ ഇടതുപക്ഷത്തിനു തന്നെയാണ് ഉണ്ടാവുക. ഇടതിന് അനുകൂലമായ പ്രധാന രാഷ്ട്രീയ സാഹചര്യവും ഇതു തന്നെയാണ്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ പട്ടികയും പൂർത്തിയായി.പന്ന്യൻ രവീന്ദ്രനെ തിരുവനന്തപുരത്തും സി.എ.അനില്‍കുമാറിനെ മാവേലിക്കരയിലും വി.എസ്. സുനില്‍ കുമാറിനെ തൃശൂരിലും ആനി രാജയെ വയനാട്ടിലും മത്സരിപ്പിക്കാനാണ് തീരുമാനം.
എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഎം- 15 സിപിഐ- 4 കേരള കോണ്‍ഗ്രസ് (എം) – 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം നടന്നത്. മാണി കോണ്‍ഗ്രസിൻ്റെ സീറ്റായ കോട്ടയത്ത് തോമസ് ചാഴിക്കാടനാണ് സ്ഥാനാർത്ഥി.നിലവിൽ 15 സീറ്റാണ് കേരളത്തിൽ നിന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.അതിനപ്പുറം പോകുമെന്നാണ് ഇപ്പോൾ സിപിഐഎം നൽകുന്ന സൂചന.ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയങ്ങളും സിപിഐഎമ്മിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.