കോട്ടയം: പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ തറക്കല്ലിടീല്‍ ഫെബ്രുവരി 26 ന് പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. ഇതോടൊപ്പം കോട്ടയം മുട്ടമ്പലം റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിക്കുമെന്നും എം.പി.അറിയിച്ചു.
കുരീക്കാട് മേല്‍പ്പാലം 36.89 കോടിയും കടുത്തുരുത്തി മേല്‍പ്പാലം 19.33 കോടിയും കുറുപ്പന്തറ മേല്‍പ്പാലം 30.56 കോടിയും ചെലവാക്കി റെയില്‍വേയും കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും (RBDCK), 5 കോടി രൂപ ചെലവഴിച്ചു ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതടക്കം റെയില്‍വേയും കെ-റെയില്‍ കോര്‍പ്പറേഷനും (K-Rail Corporation) ചേര്‍ന്ന് സംയുക്തമായാണ് നിര്‍മ്മിച്ചതെന്നും ചാഴികാടന്‍ പറഞ്ഞു. കോട്ടയം – മുട്ടമ്പലം റെയില്‍വേ അടിപ്പാത, പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ചതാണെന്നും എം.പി. അറിയിച്ചു.
13.55 കോടി മുടക്കി നിര്‍മിക്കുന്ന കാരിത്താസ് മേല്‍പ്പാലക്കിന്റെയും 24.98 കോടി ചെലവില്‍ നിര്‍മിക്കുന്ന മുളന്തുരുത്തി മേല്‍പ്പാലത്തിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. റെയില്‍വേയും കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും (RBDCK) നും ചേര്‍ന്ന് സംയുക്തമായാണ് ഇവയുടെ നിര്‍മ്മാണം നടത്തുന്നതെന്നും എം.പി. അറിയിച്ചു. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുവാന്‍ കഴിഞ്ഞതില്‍ ചാരിഥാര്‍ഥ്യമുണ്ടെന്ന് എം.പി.അറിയിച്ചു.