KeralaNEWS

അധ്യാപകരുടെ ഇഷ്ടക്കാര്‍ക്ക് അധിക മാര്‍ക്ക്; തൊടുപുഴ ലോകോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

ഇടുക്കി: ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ഇടുക്കി തൊടുപുഴ ലോകോളജ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. മതിയായ യോഗ്യതയില്ലാതിരുന്നിട്ടും അധ്യാപകരുടെ ഇഷ്ടക്കാര്‍ക്ക് അധികമാര്‍ക്ക് നല്‍കിയെന്ന് കാട്ടി വിദ്യാര്‍ഥി സംഘടനകള്‍ എംജി യൂണിവേഴ്‌സിറ്റിയെ സമീപിച്ചു. പരാതിയില്‍ അന്വേഷണം നടക്കുന്നുവെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ വിശദീകരണം.

എല്‍.എല്‍.ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. 50 ശതമാനത്തില്‍ കുറവ് ഹാജരുള്ള വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് മുഴുവന്‍ നല്‍കി റാങ്ക് നേടാന്‍ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. അധ്യാപകരുടെ ഇഷ്ടക്കാര്‍ക്കായാണ് അട്ടിമറി നടത്തിയതെന്നും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളേജ് ഉപരോധിച്ചു.

Signature-ad

അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. പ്രശ്‌ന പരിഹാരമുണ്ടാകും വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

 

Back to top button
error: