കാന്‍ബറ: സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം ഓസ്ട്രേലിയന്‍ വയോധിക ഉറങ്ങിയത് അഞ്ച് വര്‍ഷം. മെല്‍ബണിലെ ന്യൂടൗണില്‍ താമസിക്കുന്ന സ്ത്രീയാണ് സഹോദരന്റെ മൃതദേഹത്തോടൊപ്പം അഞ്ച് വര്‍ഷം കഴിഞ്ഞത്. സമ്പന്നരായ ആളുകള്‍ താമസിക്കുന്ന പ്രദേശമാണ് ന്യൂടൗണ്‍. ഒമ്പത് കോടി വരെയൊക്കെയാണ് ഇവിടെ ഒരു സാധാരണ വീടിന് വില. ഇവിടെയാണ് 70 -കാരിയായ സ്ത്രീ തന്റെ സഹോദരന്റെ അഴുകിയ ജഡത്തോടൊപ്പം അഞ്ച് വര്‍ഷം ആരും ഒന്നുമറിയാതെ കഴിഞ്ഞത്.
പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയുടെ വീടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ എലികള്‍, വീടിനു ചുറ്റും ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍, ചീഞ്ഞളിഞ്ഞ ഭക്ഷണം, അഴുകിയ മൃതദേഹം എന്നിവയൊക്കെയാണ് കണ്ടത്. ഡിസംബറില്‍ മറ്റൊരു കേസില്‍ ഈ സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന് പിന്നാലെയാണത്രെ പൊലീസ് ഇവരുടെ സഹോദരന്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. പൊലീസ് പറയുന്നത് അത് മൃതദേഹം എന്നൊന്നും പറയാനാവില്ല, വെറും അസ്ഥി മാത്രമായി അത് മാറിയിരുന്നു എന്നാണ്.
ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തെത്താന്‍ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടി വന്നു എന്നും പൊലീസ് പറയുന്നു. ഇങ്ങനെ ഒരു മൃതദേഹത്തിനൊപ്പം വൃത്തിഹീനമായ സാഹചര്യത്തില്‍ ഒരാള്‍ കഴിഞ്ഞത് ഞങ്ങള്‍ അയല്‍വാസികള്‍ പോലും അറിഞ്ഞില്ല എന്നത് അത്ഭുതമായി തോന്നുന്നു എന്ന് സ്ത്രീയുടെ ഒരു അയല്ക്കാരന് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, വീടിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകളുണ്ടായിരുന്നു. പലവട്ടം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അധികൃതരോട് അതേ കുറിച്ച് പരാതികളും പറഞ്ഞിരുന്നു. എന്നാല്‍, ആരും അത് ഗൗനിച്ചില്ല എന്നും അയല്‍ക്കാര്‍ പറയുന്നു.