KeralaNEWS

വയനാട്ടില്‍ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; പുല്‍പ്പള്ളി കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐ

കല്‍പ്പറ്റ: വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തിന് നേര്‍ക്ക് കരിങ്കൊടി പ്രതിഷേധം. ബത്തേരിയില്‍ സര്‍വകക്ഷിയോഗത്തിന് മന്ത്രിമാര്‍ പോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്. മൂന്നു മരണമുണ്ടായിട്ടും ജില്ലയില്‍ എത്താതിരുന്ന വനംമന്ത്രി എകെ ശശീന്ദ്രന് എതിരെയായിരുന്നു കൂടുതല്‍ പ്രതിഷേധം.

”എകെ ശശീന്ദ്രാ മൂരാച്ചി… നാടു ഭരിക്കാനറിയില്ലെങ്കില്‍ രാജിവെച്ച് പോടാ പുല്ലേ… പോ പുല്ലേ പോടാ പുല്ലേ ശശീന്ദ്രാ…” എന്നിങ്ങനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ചു. പൊലീസുകാരെത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു നീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കടുത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

Signature-ad

മന്ത്രിമാരായ കെ രാജന്‍, എകെ ശശീന്ദ്രന്‍, എംബി രാജേഷ് എന്നിവരാണ് മന്ത്രിതല സംഘത്തിലുള്ളത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍ വെച്ചാണ് സര്‍വകക്ഷിയോഗം. സുല്‍ത്താന്‍ ബത്തേരിയിലെ വനംവകുപ്പിന്റെ ബംഗ്ലാവില്‍ നിന്നും മുനിസിപ്പല്‍ ഹാളിലേക്ക് മന്ത്രിമാര്‍ വരുന്ന വഴിക്ക്, ബത്തേരി ടൗണില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വാഹനത്തിന് മുന്നില്‍ ചാടിവീഴുകയായിരുന്നു.

അതിനിടെ പുല്‍പ്പള്ളിയില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മന്ത്രിമാരോട് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബുവാണ് ഈ ആവശ്യം ഉന്നയിച്ചത്. സര്‍വകക്ഷിയോഗത്തില്‍ റവന്യൂ, വനംവകുപ്പ്, തദ്ദേശ ഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. യുഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍ സര്‍വകക്ഷി യോഗത്തിനെത്തിയെങ്കിലും, യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

Back to top button
error: