IndiaNEWS

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം; എതിര്‍പ്പുമായി കര്‍ണാടക ബിജെപി

വയനാട്: കാട്ടാന ആക്രമിച്ചു കൊന്ന അജീഷിന്റെ കുടുംബത്തിനു കര്‍ണാടക സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി കര്‍ണാടക ബിജെപി. രാഹുലിനെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പണം അനുവദിച്ചതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം.

കര്‍ണാടകയിലെ ആനയെ വ്യാജമായി കരുവാക്കിയതു ചതിയെന്നാണ് ബിജെപിയുടെ ആരോപണം. കര്‍ണാടകയുടെ നികുതിപ്പണം കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തെ പ്രീണിപ്പിക്കാനായി ചെലവഴിക്കുകയാണ്. കര്‍ണാടകയില്‍ ഇരുന്നൂറിലധികം ഗ്രാമങ്ങളില്‍ വരള്‍ച്ച ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ പണം വകമാറ്റി ചെലവഴിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.

Signature-ad

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എഐസിസി ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. കര്‍ണാടകയില്‍നിന്നുവന്ന ബേലൂര്‍ മഖ്‌നയെന്ന ആനയാണ് അജീഷിനെ കൊന്നതെന്നും കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു പണം അനുവദിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് കര്‍ണാടകയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചാല്‍ നല്‍കുന്ന അതേ തുകയായ 15 ലക്ഷം രൂപ അജീഷിന്റെ കുടുംബത്തിനു നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

Back to top button
error: