NEWSWorld

ചെയ്യാത്ത കുറ്റത്തിന് 37 വര്‍ഷം ജയിലില്‍; 116 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ചെയ്യാത്ത കുറ്റത്തിന് 37 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് 14 മില്യണ്‍ ഡോളര്‍ (ഏകദേശം 116 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഫ്‌ളോറിഡയില്‍നിന്നുള്ള റോബര്‍ട്ട് ഡുബോയിസിനാണ് ടാമ്പ സിറ്റി കൗണ്‍സില്‍ അധികൃതര്‍ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ക്ക് പരിഹാരമായി തുക നല്‍കേണ്ടത്.

19കാരിയെ ബലാത്സംഗം ചെയ്ത് കൊന്നെന്ന കേസില്‍ 1983 ലാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസ്സായിരുന്നു റോബര്‍ട്ട് ഡുബോയിസിന്. ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍, ഇന്നസെന്‍സ് പ്രൊജക്റ്റ് ഓര്‍ഗനൈസേഷന്റെ സഹായത്തോടെ 2018-ല്‍ ഇദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പിന്നീട് ഡി.എന്‍.എ പരിശോധനയില്‍ മറ്റു രണ്ടുപേരാണ് പ്രതികളെന്ന് മനസ്സിലായി. തുടര്‍ന്ന് 2020ല്‍ ഡുബോയിസ് ജയില്‍ മോചിതനായി.

Signature-ad

താമസിയാതെ, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, ടാമ്പ സിറ്റി അധികൃതര്‍, ഫോറന്‍സിക് ദന്ത ഡോക്ടര്‍ എന്നിവര്‍ക്കെതിരെ ഡുബോയിസ് നിയമനടപടി ആരംഭിച്ചു. ഇരയുടെ കടിയേറ്റ അടയാളവുമായി അദ്ദേഹത്തിന്റെ പല്ലിന്റെ ഇംപ്രഷനുകള്‍ പൊരുത്തപ്പെടുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് ഫോറന്‍സിക് ദന്തഡോക്ടറായിരുന്നു.

ചിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ നിയമ സ്ഥാപനമായ ലോവി ആന്‍ഡ് ലോവിയാണ് കേസില്‍ ഇദ്ദേഹത്തെ സഹായിച്ചത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നവരെ സഹായിക്കുന്ന സ്ഥാപനമാണിത്.

ഈ തുക ഡുബോയ്സ് അനുഭവിച്ച ദുരിതത്തിനുള്ള നഷ്ടപരിഹാരം മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം കൂടിയാണെന്ന് ലോവി ആന്‍ഡ് ലോവി പ്രസ്താവനയില്‍ പറഞ്ഞു. ഡുബോയ്സിനും അദ്ദേഹത്തിന്റെ നിയമ സ്ഥാപനത്തിനും ഈ വര്‍ഷം 9 മില്യണ്‍ ഡോളറും അടുത്ത വര്‍ഷം 3 മില്യണ്‍ ഡോളറും 2026ല്‍ 2 മില്യണ്‍ ഡോളറും ലഭിക്കും.

ഡുബോയിസ് കേസിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സാങ്കേതിക പുരോഗതി അത്തരം അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ടാമ്പ പൊലീസ് ചീഫ് ലീ ബെര്‍കാവ് വ്യക്തമാക്കി. ഈ കേസ് ഡുബോയ്സില്‍ സൃഷ്ടിച്ച അഗാധവും ശാശ്വതവുമായ പ്രത്യാഘാതങ്ങള്‍ തങ്ങള്‍ തിരിച്ചറിയുന്നതായും ബെര്‍കാവ് പറഞ്ഞു.

1983 ആഗസ്റ്റില്‍, ടാമ്പ റസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതി ലൈംഗികമായി ആക്രമിക്കപ്പെടുന്നത്. യുവതിയുടെ കവിളില്‍ കടിയേറ്റ അടയാളമുണ്ടായിരുന്നു. തുടര്‍ന്ന് ഡുബോയ്സ് ഉള്‍പ്പെടെ നിരവധി വ്യക്തികളില്‍നിന്ന് പല്ലിന്റെ സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. തേനീച്ച മെഴുക് ഉപയോഗിച്ചാണ് സാമ്പിള്‍ എടുത്തത്. തുടര്‍ന്ന് ഫോറന്‍സിക് ദന്ത ഡോക്ടര്‍ ഇത് ഡുബോയിസിന്റേതാണെന്ന് ഉറപ്പിക്കുകയായിരുന്നു.

കൊലപ്പെട്ട യുവതിയുമായി ഡുബേയ്‌സിന് യാതൊരു പരിചയവുമില്ലായിരുന്നു. എന്നാല്‍, ഇദ്ദേഹം സംഭവസ്ഥലത്ത് പലപ്പോഴും ഉണ്ടാകാറുണ്ട്. ഇതും ഇയാളെ പ്രതിയാക്കാന്‍ കാരണമായി.

പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഡി.എന്‍.എ പരിശോധനയില്‍ ആമോസ് റോബിന്‍സണ്‍ അബ്രോണ്‍ സ്‌കോട്ട് എന്നിവരാണ് യഥാര്‍ഥ പ്രതികളെന്ന് തിരിച്ചറിഞ്ഞു. ഇരുവരും മറ്റൊരു കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

2020 ആഗസ്റ്റിലാണ് ഫ്‌ളോറിഡ ജയിലില്‍നിന്ന് ഡുബോയിസ് മോചിതനാകുന്നത്. താന്‍ എല്ലാ ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും നല്ലത് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു’ -മോചനശേഷം ഡുബോയിസ് പറഞ്ഞ വാക്കുകളാണിത്.

പിന്നീട് നടന്ന കോടതി ഹിയറിംഗില്‍, ജുഡീഷ്യല്‍ സംവിധാനത്തെ വിശ്വസിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് ഡുബോയിസ് പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ ഒരുപാട് വിഷമങ്ങളാണ് നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നഷ്ടപരിഹാരം വിധിച്ചുള്ള ഉത്തരവ് വന്നതോടെ കോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ‘നീതി നടപ്പാക്കിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഓഫിസുകളില്‍ ഇപ്പോള്‍ യഥാര്‍ത്ഥ ഹൃദയമുള്ള ആളുകളുണ്ട്. നിങ്ങളോടെല്ലാം നന്ദിയുണ്ട്’-ഡുബോയിസ് വ്യക്തമാക്കി.

 

Back to top button
error: