KeralaNEWS

ബന്ധുവാര് ശത്രുവാര്? സിപിഎമ്മിന് ഏറ്റവും അധികം സംഭാവന നല്‍കിയത് കിറ്റെക്‌സ് ഗ്രൂപ്പ്

കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം സിപിഎമ്മിന് കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന കിറ്റെക്‌സ് ഗ്രൂപ്പില്‍നിന്ന്! സംഭാവന നല്‍കിയവരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. മുപ്പതുലക്ഷം രൂപയാണ് ചെക്ക് വഴി കിറ്റെക്‌സ് സിപിഎമ്മിനു കൈമാറിയത്. ദേശീയ തലത്തില്‍ സംഭാവന നല്‍കിയവരുടെ പട്ടികയില്‍ രണ്ടാമതാണ് കമ്പനി. 56.8 ലക്ഷം രൂപ സംഭാവന നല്‍കിയ സിഐടിയു കര്‍ണാടക സംസ്ഥാന കമ്മിറ്റിയാണ് പട്ടികയില്‍ ഒന്നാമത്.

പാര്‍ട്ടിയുടെ വരവ്‌ചെലവ് കണക്കുകള്‍ക്കും സംഭാവനകള്‍ സംബന്ധിച്ച പ്രസ്താവനയ്ക്കുമൊപ്പം സമര്‍പ്പിച്ച ഫോം 24 ലാണ് സംഭാവന നല്‍കിയവരുടെ വിവരങ്ങളുള്ളത്. 20,000 രൂപയ്ക്ക് മേല്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങളാണ് ഈ ഫോമില്‍ രേഖപ്പെടുത്തുക. ഇങ്ങനെ സിപിഎമ്മിന് ആകെ ലഭിച്ചത് 6.2 കോടി രൂപയാണ്.

Signature-ad

സിപിഎമ്മിനു സംഭാവന നല്‍കിയത് സാമാന്യ മര്യാദയുടെ പേരിലാണെന്നാണ് ഇതുസംബന്ധിച്ച് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബ് പ്രതികരിച്ചത്. ”അവര്‍ തിരഞ്ഞെടുപ്പു ഫണ്ട് ചോദിച്ച് സമീപിച്ചിരുന്നു. ഞങ്ങള്‍ സാമാന്യ മര്യാദയുടെ പേരില്‍ സംഭാവന നല്‍കി. അത് തികച്ചും സ്വാഭാവികമായ നടപടിയാണ്. അല്ലാതെ അവരെ പേടിയുള്ളതുകൊണ്ടല്ല പണം നല്‍കിയത്. പണം വാങ്ങിയ ശേഷവും അവര്‍ ഞങ്ങള്‍ക്കു നേരെ വരുന്നുണ്ടെങ്കില്‍ ചോദ്യം ചെയ്യേണ്ടത് അവരുടെ തത്വങ്ങളെയാണ്.” സാബു ജേക്കബ് പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാണ് സംഭാവന നല്‍കിയതെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്തായിരുന്നു അതെന്നും സാബു വ്യക്തമാക്കി.

എന്നാല്‍, ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് അക്കൗണ്ട്‌സ് വിഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍നിന്ന് വ്യക്തികള്‍, സ്വര്‍ണവ്യാപാരികള്‍, ബില്‍ഡര്‍മാര്‍ എന്നിവരില്‍നിന്നാണ് സിപിഎമ്മിന് സംഭാവനകള്‍ ഏറെയും ലഭിച്ചത്.

Back to top button
error: