ലഖ്നൗ: നടിയും ഗായികയുമായ വിജയലക്ഷ്മി എന്ന മല്ലിക രാജ്പുതിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കോട്വാലി നഗറിലുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് മല്ലികയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മല്ലികയുടെ കുടുംബം വ്യക്തമാക്കി. മുറിയുടെ വാതില്‍ അടച്ചിരുന്നതായും ലൈറ്റ് ഓണായിരുന്നതായും മല്ലികയുടെ അമ്മ സുമിത്ര സിംഗ് പറഞ്ഞു. ”ഞാന്‍ മുറിയില്‍ കയറിയപ്പോള്‍ ഞങ്ങളുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാന്‍ എന്റെ ഭര്‍ത്താവിനെയും മറ്റുള്ളവരെയും വിളിച്ചെങ്കിലും അവള് ഞങ്ങളെ വിട്ടുപോയിരുന്നു” സുമിത്ര കൂട്ടിച്ചേര്‍ത്തു. മല്ലികയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.