കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് തിരിച്ചടി. ഇഡിയുടെ സമന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസ്സമെന്താണെന്ന് തോമസ് ഐസക്കിനോട് കോടതി ചോദിച്ചു.
മസാല ബോണ്ട് കേസില്‍ ഇന്ന് ഹാജരാകാനാണ് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇഡി സമന്‍സിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തോമസ് ഐസക്ക് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിയമപരമായി എന്തു തെറ്റാണുള്ളതെന്ന് ചോദിച്ചു. ഇഡിയുടെ മുന്നില്‍ ഹാജരാകുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്നും സംരക്ഷണം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ മസാലബോണ്ട് കേസ് അന്വേഷിക്കാന്‍ ഇഡിക്ക് നിയമപരമായ അവകാശമില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.