CrimeNEWS

ബാറിലെ വെടിവെപ്പിനു പിന്നില്‍ ഗുണ്ടാസംഘം; കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ മുങ്ങി

കൊച്ചി: കലൂര്‍ കത്രിക്കടവിലെ ബാറിലെ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ ക്വട്ടേഷന്‍, ലഹരി മാഫിയ സംഘത്തിലുള്‍പ്പെട്ടവരെന്ന് വിവരം. പ്രതികളിലൊരാളും അങ്കമാലി സ്വദേശിയുമായ യുവാവ് പോലീസ് കസ്റ്റഡിയിലെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അതേസമയം, അക്രമത്തിന് ശേഷം നാലംഗ സംഘം സഞ്ചരിച്ച കാര്‍ മുടവൂരില്‍വെച്ച് ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മറ്റൊരു വാഹനത്തില്‍ കയറി പോയെന്നും വിവരങ്ങളുണ്ട്.

Signature-ad

ബാറിലെയടക്കം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് ക്വട്ടേഷന്‍, ലഹരി മാഫിയ കേസുകളില്‍ പോലീസ് പിടിയിലായിട്ടുള്ളവരാണ് പ്രതികള്‍. അക്രമത്തിന് ശേഷം പ്രതികള്‍ മൂവാറ്റുപുഴ ഭാഗത്തേക്കാണ് പോയത്. സിസിടിവി കേന്ദ്രീകരിച്ചും പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, അക്രമത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് റിവോള്‍വറാണെന്ന് തിരിച്ചറിഞ്ഞത്.

ബാര്‍ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. തുടര്‍ന്ന് മാനേജര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ക്ക് വെടിയേറ്റത്.

ബാറിലെ ജീവനക്കാരായ സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. ഒരാളുടെ വയറിലേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു, മറ്റൊരു ജീവനക്കാരന്റെ തുടയിലാണ് വെടിയേറ്റത്. റിവോള്‍വറില്‍ നിന്നാണ് വെടിയുതിര്‍ത്തിരിക്കുന്നതെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പ്രതികള്‍ക്കെതിരേ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: