IndiaNEWS

സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രീ-വെഡ്ഡിംഗ് ഷൂട്ട്; ഡോക്ടറെ പുറത്താക്കി

ബംഗളൂരു: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രീ-വെഡ്ഡിംഗ് ഷൂട്ട് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.

ഭരമസാഗര്‍ ഏരിയയിലെ ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഭിഷേക് എന്ന ഡോക്ടറുടെ ഫോട്ടോ ഷൂട്ടാണ് വിവാദമായത്. മെഡിക്കല്‍ നടപടികളുമായി ബന്ധപ്പെടുത്തിയായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുന്നതും പ്രതിശ്രുത വധു ഡോക്ടറെ സഹായിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ അവസാനം രോഗിയായി അഭിനയിച്ചയാള്‍ ഓപ്പറേഷനിടെ എഴുന്നേറ്റിരിക്കുന്നതും കാണാം.പൂര്‍ണമായ ലൈറ്റിംഗ് സജ്ജീകരണത്തോടെയായിരുന്നു ഷൂട്ടിംഗ്. ക്യാമറാമാന്‍മാരും മറ്റുള്ളവരും വീഡിയോ ചിത്രീകരിക്കുമ്പോള്‍ ചിരിക്കുന്നതും കേള്‍ക്കാം.

Signature-ad

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ”ചിത്രദുര്‍ഗയിലെ ഭരമസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രീ-വെഡ്ഡിംഗ് ഷൂട്ട് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു” -കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു എക്‌സില്‍ കുറിച്ചു.

”സര്‍ക്കാര്‍ ആശുപത്രി നിലനില്‍ക്കുന്നത് ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനാണ്. വ്യക്തിപരമായ കാര്യത്തിന് വേണ്ടിയല്ല, ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാനാവില്ല. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ എല്ലാ കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്കനുസൃതമായി അവരുടെ ചുമതലകള്‍ നിര്‍വഹിക്കണം” -മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. ഇത്തരം ചികിത്സാ സൗകര്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനാണെന്ന് അറിഞ്ഞ് ചുമതല നിര്‍വഹിക്കുന്നതില്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: