ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കലക്ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദ്ദേശിച്ചു.
പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.
ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 ജില്ലകളില്‍ അദാലത്ത് നടക്കും. ഈ ജില്ലകളില്‍ ജനുവരി 24ന് ഉച്ച മുതല്‍ 28 വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും.
ഫെബ്രുവരി 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍. ഈ ജില്ലകളില്‍ ജനുവരി 27 ഉച്ച മുതല്‍ ഫെബ്രുവരി 2ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും.
ഫെബ്രുവരി 15,16, 18 തീയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍. ഈ ജില്ലകളില്‍ ഫെബ്രുവരി 3 ഉച്ച മുതല്‍ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും.
ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആദിവാസികള്‍ക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കണം. ഇതിനുള്ള പ്രവര്‍ത്തനം കലക്ടര്‍മാര്‍ ഏകോപിപ്പിക്കണം. സാന്ത്വന സ്പര്‍ശത്തിന്റെ പ്രധാന ചുമതല കലക്ടര്‍മാര്‍ക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിക്കും.
പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകള്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കുന്നതാണ്. പരാതികള്‍ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ഓരോ ജില്ലയിലും കലക്ടര്‍ നിയോഗിക്കും. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമില്‍ ഉണ്ടാവുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ, ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കേണ്ടതാണ്.
പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങള്‍ കലക്ടര്‍മാര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം.
മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല് കാര്യക്ഷമമായി പരാതികള്‍ക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളില്‍ 2,72,441 എണ്ണം തീര്‍പ്പാക്കി. സി.എം.ഒ പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികള്‍ പൊതുജനങ്ങള്‍ക്കുണ്ടെങ്കില്‍ ഉന്നതതലത്തില്‍ നേരിട്ട് പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് സാന്ത്വന സ്പര്‍ശം സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.പി. ജോയ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക് എന്നിവരും പങ്കെടുത്തു.