വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിമൂന്നാമത് ബഷീർ അവാർഡ് പ്രൊഫ എം കെ സാനുവിന് സമ്മാനിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെ ആർ മീര ആണ് പ്രൊഫ എം കെ സാനുവിന് അവാർഡ് കൈമാറിയത്.
നമുക്ക് പരിചിതമായ രംഗങ്ങളെ സൗന്ദര്യബോധത്തോടെ അവതരിപ്പിച്ച സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സമ്മാനം വാങ്ങിയ ശേഷം മറുപടി പ്രസംഗത്തിൽ പ്രൊഫ.എം.കെ.സാനു പറഞ്ഞു. സാധാരണക്കാരുടെ കഥകൾ എപ്പോഴും തന്റെ കൃതികളിൽ കൊണ്ടുവരാൻ ബഷീര്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏവർക്കും മനസ്സിലാകുന്ന ലളിതമായ കൃതികളാണ് ബഷീറിന്റേതെന്ന് കെ ആർ മീര പറഞ്ഞു. ”അജയ്യതയുടെ അമര സംഗീതം” എന്ന സാഹിത്യ നിരൂപണത്തിനാണ് പ്രൊഫസർ എം കെ സാനുവിന് ബഷീർ അവാർഡ് ലഭിച്ചത്. 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.