ആനക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി. പീപ്പിൾ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത്.
തൃശ്ശൂർ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർക്ക് നൽകിയ പരാതി ഇങ്ങനെ –
ഇക്കഴിഞ്ഞ കൊടുങ്ങല്ലൂർ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയെഴുന്നള്ളിപ്പിൽ ആനക്കൊമ്പ് പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്തതുമായി ബന്ധപ്പെട്ട പരാതി. താലപ്പൊലി നാലാം ദിവസം എന്ന ക്യാപ്ഷനിൽ ബി ഗോപാലകൃഷ്ണൻ എന്ന വ്യക്തി അദ്ദേഹത്തിന്റെ എഫ്ബിയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം അദ്ദേഹം എഴുന്നള്ളിപ്പിന് വന്ന ആനയുടെ കൊമ്പുകളിൽ പിടിച്ചു നിൽക്കുന്ന രീതിയിലുള്ളതാണ്. നാട്ടാന പരിപാലന ചട്ടം അതുപോലെ ബന്ധപ്പെട്ട ആക്ട്സ് റൂൾസ് ആൻഡ് റെഗുലേഷൻസ് പ്രകാരം കുറ്റകരമായ ഒരു കൃത്യമാണ്. ടി വ്യക്തി തൃശ്ശൂർ ബാറിലെ ഒരു അഭിഭാഷകനാണ്. അതുപോലെതന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവാണ് എന്നത് ടി കുറ്റകൃത്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. സാധാരണ വ്യക്തികൾക്ക് പോലും ഇത്തരം നിയമങ്ങൾ ലംഘിക്കാൻ പ്രേരണ നൽകുന്ന ഈ പ്രവർത്തി ചെയ്ത ബി ഗോപാലകൃഷ്ണൻ എന്ന വ്യക്തിക്ക് നേരെ നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
മനോജ് ഭാസ്കർ വി
സെക്രട്ടറി പി എഫ് ജെ