മണ്ണും മരങ്ങളും ജീവനായിരുന്നു സിബിയ്ക്ക്. സിബി മണ്ണിലേയ്ക്ക് മടങ്ങിയപ്പോൾ ആ സ്വപ്നത്തെ വഴിനടത്തുകയാണ് ഭാര്യ സ്വപ്‍ന.
കർഷകോത്തമ പുരസ്‌കാര ജേതാവായ സിബിയ്ക്ക് സ്വപ്ന നൽകുന്ന സമ്മാനം കർഷകതിലക പട്ടം. എംകോം ബിരുദധാരിയായ സ്വപ്നയ്ക്ക് കൃഷിയുടെ മർമ്മം പഠിപ്പിച്ചത് ഭർത്താവ് തന്നെ.
2019 ലാണ് സിബി സ്വപ്നയെ പിരിയുന്നത്. ഇടുക്കി നരിയമ്പാറയ്ക്ക് സമീപം ഏലത്തോട്ടത്തിൽ നിൽക്കുമ്പോൾ ദേഹത്ത് മരം ഒടിഞ്ഞു വീണാണ് സിബി മരിച്ചത്.പിനീട് സ്വപ്ന പൂർണമായും കാർഷിക വൃത്തിയിലേയ്ക്ക് തിരിയുക ആയിരുന്നു.
സ്വപ്നയുടെ ഒരു ദിനം ആരംഭിക്കുന്നത് പുലർച്ചെ അഞ്ചിനാണ്. പറമ്പിൽ കൃഷി നടത്തി ജന്തുജാലങ്ങളെ പരിപാലിച്ച് രാത്രി എട്ടുവരെ ജോലി നീളും. വീട്ടിലും പട്ടിക്കാട്ടും സ്വപ്നയ്ക്ക് നഴ്സറികൾ ഉണ്ട് . ഇടുക്കിയിൽ ആറ് ഏക്കർ ഏലത്തോട്ടം പാട്ടത്തിന് എടുത്തിട്ടുണ്ട്. 12 ഏക്കർ പറമ്പിൽ സമ്മിശ്ര കൃഷി നടത്തുന്നുണ്ട്.
സ്വപ്ന മാത്രമല്ല ഇതൊക്കെ നടത്തുന്നത്, സഹായത്തിന് 14 ജോലിക്കാരുണ്ട്. ഫലവൃക്ഷങ്ങൾ, വ്യത്യസ്ത ഇനം പക്ഷികൾ, കോഴികൾ,പശുക്കൾ,കുതിരകൾ, മുയലുകൾ,പലതരം അലങ്കാരമത്സ്യങ്ങൾ, തെങ്ങ്,കവുങ്ങ് എന്തു വേണ്ട എല്ലാം സ്വപ്നയുടെ പറമ്പിൽ ഉണ്ട്. സിബി വികസിപ്പിച്ചെടുത്ത 12 ഇനം ജാതിയുടെ കൃഷിയും സ്വപ്ന ചെയ്യുന്നു.
അമ്മയ്ക്ക് കൃഷിയിൽ പിന്തുണയുമായി ആർകിടെക്ചർ വിദ്യാർഥിനിയായ മകൾ താനിയയും ആറാം ക്ലാസുകാരൻ മകൻ തരുണുമുണ്ട്.സംസ്ഥാന തല ശാസ്ത്രോത്സവത്തിൽ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലേയറിങ് എന്നിവയിൽ മകൾ താനിയ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.