സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ചേകാടിയിലേക്ക് കാറില്‍ പോകവെ മുൻ പഞ്ചായത്തംഗം ഉൾപ്പടെയുള്ളവരെ വനപാതയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്ജന് (52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.
ഷെല്‍ജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്ക് യാത്രികര്‍ ആനയുടെ മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു