19ാം വയസ്സില്‍ ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടം പിടിച്ചെങ്കിലും ചൂഷണത്തെ തുടര്‍ന്ന് കളിക്കളം വിട്ട മുന്‍ കേരള ഹോക്കി താരവും ദൂരദര്ശന് പ്രോഗ്രാം എക്സിക്യൂട്ടീവുമായിരുന്ന പി.ആര്.ശാരദയാണ് താനുൾപ്പടെ വനിതാ താരങ്ങള്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് പറയുന്നത്.
അടുത്ത ദിവസം പുറത്തിറങ്ങുന്ന ‘ഫോര്‍വേഡ്’എന്ന ആത്മകഥയിലാണ് 1975ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി അസോസിയേഷനിലെ ഉന്നതനും ദേശീയ ടീം തിരഞ്ഞെടുപ്പിലെ മുഖ്യനുമായ ഉന്നതന്റെ ഇടപെടലുകളെക്കുറിച്ച് പറയുന്നത്.ഈ വ്യക്തി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ പേരു വെളിപ്പെടുത്തിയിട്ടില്ലെന്ന് ശാരദ പറയുന്നുണ്ട്.
ദേശീയ ഗുസ്തി താരങ്ങള്‍ ലൈംഗികാക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ശാരദയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. 9 തവണ സംസ്ഥാന സര്‍വകലാശാല ടീമിനെ നയിച്ച ശാരദ 25 തവണ ഹോക്കിയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1972ല്‍ കേരളം ആദ്യ ദേശീയ ജൂനിയര്‍ കിരീടം നേടുമ്ബോള്‍ ടീം അംഗമായിരുന്നു.
ദേശീയ ടീമിലേക്കു ശാരദയ്ക്കൊപ്പം മറ്റൊരു മലയാളി താരമായ എസ്.ഓമനകുമാരിക്കും സിലക്ഷന്‍ ലഭിച്ചിരുന്നു, പട്യാലയിലായിരുന്നു ക്യാമ്പ്.ഇവിടെ വച്ചാണ് വനിതാ താരങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ മനസ്സിലാക്കിയതെന്നും എല്ലാ ടൂര്‍ണമെന്റുകളിലും സാന്നിധ്യമുറപ്പിച്ചിരുന്ന വനിതാ ഹോക്കി ഫെഡറേഷനിലെ ഉന്നതന് കളിക്കാര്‍ക്കൊപ്പം സമയം ചെലവിടാനെത്തുമായിരുന്നെന്നും ശാരദ പറയുന്നു.
ഇതിനിടെ 5 ദിവസത്തെ അവധി കളിക്കാര്‍ക്ക് അനുവദിച്ചപ്പോള്‍ ദൂരം കാരണം വീട്ടിലേക്കു മടങ്ങാനായില്ല.ഇതേതുടര്‍ന്ന് ഇരുവരും ക്യാംപില്‍ കഴിയട്ടെയെന്നു ‘ഉന്നതന്’ ആവശ്യപ്പെട്ടെങ്കിലും കെണിയാണെന്നു മനസിലായതിനെ തുടര്‍ന്ന് ഇരുവരും രഹസ്യമായി കേരളത്തിലേക്കു മടങ്ങുകയായിരുന്നെന്നും ശാരദ പറയുന്നു.
ഇന്ത്യന്‍ ജഴ്സിയണിഞ്ഞു രാജ്യത്തിനു വേണ്ടി കളിക്കാന്‍ സാധിച്ചില്ലെങ്കിലും അന്നെടുത്ത തീരുമാനം തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും ശാരദ പറയുന്നു. ആയിരത്തിലേറെ പ്രോഗ്രാമുകള്‍ ദൂരദര്‍ശനുവേണ്ടി ചെയ്ത ശാരദ അസിസ്റ്റന്റ് ഡയറക്ടര്‍, പ്രോഗ്രാംസ് ആയാണു വിരമിച്ചത്