KeralaNEWS

കുഴല്‍നാടന്റെ റിസോര്‍ട്ട് ഭൂമിയിലെ പുറമ്പോക്ക് ഏറ്റെടുക്കും; റിപ്പോര്‍ട്ട് കലക്ടര്‍ അംഗീകരിച്ചു

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറുടെ അനുമതി. കയ്യേറ്റം ചൂണ്ടികാണിച്ച് ലാന്‍ഡ് റവന്യു തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു. പ്രഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് വാങ്ങും. ഇതിന് ശേഷമാകും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുക. 50 സെന്റ് സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്‍നാടന്‍ കയ്യേറി മതില്‍ കെട്ടിയെന്നാണ് കണ്ടെത്തല്‍. 2022ലാണ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കളും ചേര്‍ന്ന് ചിന്നക്കനാലില്‍ റിസോര്‍ട്ട് വാങ്ങിയത്.

തുടര്‍ന്ന് ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണിപ്പോള്‍ കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ് അയച്ചിരിക്കുന്നത്. 4000 സ്‌ക്വയര്‍ഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്‌ക്വര്‍ഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.

Signature-ad

കപ്പിത്താന്‍ എന്ന് പേരിട്ടിരിക്കുന്ന റിസോര്‍ട്ടിലെ വലിയ കെട്ടിടം റിസോര്‍ട്ട് ആവശ്യങ്ങള്‍ക്കും ചെറിയ കെട്ടിടം പാര്‍പ്പിടാവശ്യങ്ങള്‍ക്കും നിര്‍മിച്ചു എന്നായിരുന്നു രേഖകള്‍. ഇതില്‍ ഗാര്‍ഹികാവശ്യത്തിന് അനുമതി വാങ്ങി നിര്‍മിച്ച കെട്ടിടങ്ങള്‍ റിസോര്‍ട്ട് ആവശ്യത്തിന് ഉപയോഗിച്ചു എന്നതാണ് കുഴല്‍നാടനെതിരെയുള്ള ആരോപണം. തുടര്‍ന്ന് റിസോര്‍ട്ടിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്ത സാഹചര്യമുണ്ടായെങ്കിലും രേഖകള്‍ സുതാര്യമാക്കിയതിനെ തുടര്‍ന്ന് ലൈസന്‍സ് പുതുക്കി നല്‍കി.

 

Back to top button
error: