ദേശീയ നൂതനാശയ സൂചികയിൽ കേരളത്തിന് അഞ്ചാം സ്ഥാനം
നാഷണൽ ഇന്നവേഷൻ ഇൻഡക്സില്‍ കഴിഞ്ഞ വർഷത്തെ ആറാം സ്ഥാനത്തിൽ നിന്നും ഒരുപടി ഉയർന്ന് കേരളം നിലവിൽ അഞ്ചാം സ്ഥാനത്ത്. നീതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നൂതനാശയ സൂചികയിൽ കേരളം അഞ്ചാം സ്ഥാനത്ത് എത്തിയത്. നൂറിൽ 30.58 ആണ് കേരളത്തിനു ലഭിച്ച സ്കോർ. ദേശീയ നൂതനാശയ സൂചികയിൽ 42.50 നേടി കര്‍ണാടയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന എന്നിവയാണ് കര്‍ണാടകയ്ക്ക് പിന്നിലുള്ള സംസ്ഥാനങ്ങൾ. പട്ടികയിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ബീഹാർ ആണ്.
ഗ്ലോബള്‍ ഇന്നവേഷന്‍ മാതൃകയിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് നീതി ആയോഗ് ചെയർമാൻ ഡോക്ടർ രാജീവ് കുമാർ പറഞ്ഞു. പട്ടികയിൽ ഒന്നാമതെത്താൻ വിദേശ നിക്ഷേപങ്ങളുടെ വരവും, വിവരസാങ്കേതിക വിദ്യയുടെ കയറ്റുമതിയും, വലിയ സാമ്പത്തിക നിക്ഷേപങ്ങളും കർണാടകയെ സഹായിച്ചിട്ടുണ്ട്. രാജ്യ പുരോഗതിയിലും ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും നൂതന ആശയങ്ങൾ എത്രത്തോളം നടപ്പാക്കിയിട്ടുണ്ട് എന്നുള്ളതിന് അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയത്.