ലഖ്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യാ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം. ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്രനഗരിയില്‍ എത്തിയത്. രാവിലെ ഏഴുമുതല്‍ പതിനൊന്നരവരെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് ഏഴുവരെയുമാണ് ദര്‍ശനസമയം. വിശേഷ ദിവസങ്ങളില്‍ പതിനാറ് മണിക്കൂര്‍ വരെ ക്ഷേത്രം തുറന്നിരിക്കും.
പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി പേര്‍ക്ക് ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാമനെ ദര്‍ശിക്കുക ലക്ഷ്യമിട്ട് രാജ്യത്തും നിന്നും പുറത്തുനിന്നും നിരവധി പേരാണ് അയോധ്യയില്‍ എത്തിയത്.
ഇന്നലെ രാത്രി മുതല്‍ തന്നെ കടുത്ത ശൈത്യത്തിലും ക്ഷേത്രത്തിലെ പ്രധാന കവാടത്തിന് മുന്നില്‍ ഭക്തര്‍ കാത്തുനില്ക്കുകയായിരുന്നു. രാവിലെ ആറ് മണി മുതല്‍ ക്ഷേത്രത്തിലേക്ക് ഘട്ടം ഘട്ടമായി പ്രവേശനം അനുവദിച്ചു. ആറരയ്ക്ക് ആരതി ആരംഭിച്ചു. ഏഴുമണിയോടെയാണ് ദര്‍ശനം തുടങ്ങിയത്.
ബാഗേജുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ അനുവദീനയമല്ല. മൂന്ന് ഘട്ടമായി തിരിച്ചുള്ള സുരക്ഷാപരിശോധന കഴിഞ്ഞ ശേഷമേ ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനമുള്ളൂ എന്നീ കാര്യങ്ങള്‍ എഴുതിയ ബോര്‍ഡ് കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
What we saw in Ayodhya yesterday, 22nd January, will be etched in our memories for years to come. pic.twitter.com/8SXnFGnyWg
— Narendra Modi (@narendramodi) January 23, 2024
തിങ്കളാഴ്ച ഉച്ചയ്ക്കു 12.30നായിരുന്നു രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ. കാശിയിലെ പുരോഹിതന് ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാര്‍മികത്വം വഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും മോദിക്കൊപ്പം അര്‍ച്ചനയിലും പൂജയിലും പങ്കെടുത്തു. യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. രാജ്യത്തിന്റെ വിവിധ മേഖലകളുടെ പ്രതിനിധികളായി ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകള്‍.