പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്‍ താരനിരയുടെയും സാന്നിധ്യത്തില്‍ നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു.
ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവര്‍ അടക്കമുള്ള പ്രമുഖ താരങ്ങളും ചടങ്ങിനെത്തിയിരുന്നു.
ഇന്ന് രാവിലെ 6.30-ന് കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വന്‍ ജനാവലിയാണ് അദ്ദേഹത്തെ കാണാനെത്തിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തു.
രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു.
ഗുരുവായൂരില്‍ താമരപ്പൂവ് കൊണ്ട് പ്രധാന മന്ത്രിക്ക് തുലാഭാരം നടത്തി. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ഗുരുവായൂര്‍ ദര്‍ശനവും വിവാഹചടങ്ങിലും പങ്കെടുത്ത പ്രധാനമന്ത്രി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി 11മണിക്ക് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് ഡല്‍ഹിയിലേക്ക് മടങ്ങുക.