CrimeNEWS

ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകി! വിമാനത്തില്‍ പൈലറ്റിനിനെ മര്‍ദിച്ചതില്‍ പ്രതിയുടെ മൊഴി

ന്യൂഡല്‍ഹി: വിമാനം പുറപ്പെടാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് പൈലറ്റിനെ മര്‍ദിച്ച യാത്രക്കാരന്‍ ഹണിമൂണിന് പോകുകയായിരുന്നുവെന്ന് മൊഴി. ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകിയതിനാലാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്ന് പിടിയിലായ സാഹില്‍ കതാരിയ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹില്‍ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മര്‍ദിച്ചത്. ഇയാളെ വിമാനത്തില്‍ നിന്നിറക്കിയശേഷം അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

Signature-ad

വിമാനം വൈകുമെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്യുന്നതിനിടെ സാഹില്‍ എഴുന്നേറ്റുചെന്ന് ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാര്‍ തടഞ്ഞു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെപേരില്‍ പരാതി നല്‍കിയതായി ഇന്‍ഡിഗോ അറിയിച്ചു.

യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയും യാത്രക്കാര്‍ പ്രകോപിതരായിരുന്നു. ടേക്കോഫിനായി വിമാനത്തില്‍ പ്രവേശിപ്പിക്കുന്ന യാത്രക്കാരെ വിമാനം റദ്ദാക്കിയാല്‍ മാത്രമാണ് പുറത്തിറക്കുക. വിമാനം റദ്ദാക്കിയതായി പ്രഖ്യാപിച്ച് യാത്രക്കാരെ പുറത്തിറക്കണമെങ്കില്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

 

Back to top button
error: