ചണ്ഡീഗഡ്: പഞ്ചാബിലെ ഫരീദ്കോട്ടില്‍ കാമുകിക്കു വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയില്‍. ഇന്‍വിജിലേറ്റര്‍ പിടികൂടാതിരിക്കാന്‍ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടര്‍ ഐഡിയും ആധാറും ഉള്‍പ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാള്‍ പരീക്ഷയ്ക്ക് എത്തിയത്. ഫാസില്‍ക്ക സ്വദേശിയായ അംഗ്രേസ് സിങ്ങിനെയാണ് അധികൃതര്‍ കൈയോടെ പൊക്കിയത്.
ജനുവരി 7 നാണ് സംഭവം നടന്നത്. ബാബാ ഫരീദ് ഹെല്‍ത്ത് യൂണിവേഴ്സിറ്റിയിലെ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലാണ് അംഗ്രേസ് സിങ് എത്തിയത്. കാമുകി പരംജിത് കൗറിനു പകരമാണ് ഇയാള്‍ പെണ്‍വേഷത്തില്‍ പരീക്ഷയ്ക്ക് ഹാജരായത്. സ്ത്രീകളുടെ വസ്ത്രത്തിനു പുറമെ വള, പൊട്ട്, ലിപ്സ്റ്റിക് എന്നിവയും അംഗ്രേസ് സിങ് ധരിച്ചിരുന്നു.
വിദഗ്ധമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കിയെങ്കിലും ബയോമെട്രിക് പരിശോധനയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. വിരലടയാളം ഒത്തുവരാഞ്ഞതോടെ അധികൃതര്‍ തട്ടിപ്പ് മനസ്സിലാക്കി. സംഭവത്തില്‍ അംഗ്രേസ് സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരംജിത് കൗറിന്റെ അപേക്ഷ തള്ളിയതായും അധികൃതര്‍ വ്യക്തമാക്കി.