തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപത്തെ തട്ടുകടയില്‍ ചായ കുടിച്ചശേഷം ബാക്കി ആവശ്യപ്പെട്ടെന്ന കാരണത്താല്‍ മര്‍ദനം. സംഭവത്തില്‍ തട്ടുകടക്കാരനായ ഉള്ളൂര്‍ നീരാഴി ലെയ്ന്‍ മതികപ്പുറം രാജീവിനെ(40) അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി അരുണി(37)നെയാണ് അക്രമിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രികവാടത്തിനു സമീപം തട്ടുകട നടത്തുകയാണ് രാജീവ്. അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയതായിരുന്നു അരുണ്‍. 20 രൂപ കടയുടമയ്ക്കു നല്‍കിയശേഷം ബാക്കിതുക ആവശ്യപ്പെട്ടു.
എന്നാല്‍ തനിക്ക് പണം നല്‍കിയിട്ടില്ലെന്നു പറഞ്ഞ് പ്രകോപിതനായ രാജീവ് സ്റ്റീല്‍ഗ്ലാസ് ഉപയോഗിച്ച് അരുണിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അരുണിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.