NEWSWorld

സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച്‌ മാലദ്വീപ്

മാലി: മോദി വിരുദ്ധ പരാമര്‍ശവും തുടര്‍ന്നുണ്ടായ സമ്മര്‍ദവും നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച്‌ മാലദ്വീപ്.

മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈന സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ കടുത്ത നിലപാട്.

 മാര്‍ച്ച്‌ 15 ന് മുൻപ് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നാണ് നിര്‍ദേശം.2023 നവംബറില്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെ മാലിദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധി  നിര്‍ദേശിച്ചിരുന്നില്ല. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ രൂക്ഷമായതിന് പിന്നാലെയാണ് പുതിയ പ്രതികരണം.

Signature-ad

ഇന്ത്യന്‍ സൈന്യം മാലിദ്വീപിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് മുയിസുവിന്റെ ആരോപണം.മുൻ മാലദ്വീപ് ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ ഇന്ത്യയ്ക്ക് വര്‍ഷങ്ങളായി മാലിദ്വീപില്‍ ചെറിയ തോതിലുള്ള സൈനിക സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണത്തില്‍ സഹായിക്കുക എന്നിവയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ചുമതലകള്‍.

ഇന്ത്യയോടുള്ള നിലപാട് കടുപ്പിക്കുന്നു എന്ന സൂചനയായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിലും മുഹമ്മദ് മുയിസു നല്‍കിയത്. മാലദ്വീപിനെ ഭീഷണിപ്പെടുത്തരുത് എന്നായിരുന്നു ചൈനീസ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് മുഹമ്മദ് മുയിസു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നയതന്ത്ര ബന്ധത്തിലെ ഭിന്നതയുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം വിദേശ കാര്യ പ്രതിനിധികളെ വിളിച്ചുവരുത്തി നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രത്യക്ഷമായ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ലക്ഷദ്വീപില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലൂടെയുൾപ്പടെ ഇന്ത്യയിൽ നിന്നും ഉയര്‍ന്നത്.

Back to top button
error: