IndiaNEWS

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു; ഷിന്‍ഡെയ്‌ക്കൊപ്പം ചേരുമെന്ന് സൂചന

മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. ശിവസേനയിലെ ഷിന്‍ഡെ പക്ഷത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ഷിന്‍ഡെ പക്ഷത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനിടെയാണ് രാജിപ്രഖ്യാപനം. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു മിലിന്ദ്.

മുന്‍ കേന്ദ്രമന്ത്രി, അന്തരിച്ച മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ്. അഞ്ച് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസും ദേവ്‌റ കുടുംബവും കൈവശം വയ്ക്കുന്ന സൗത്ത് മുംബൈ ലോക്‌സഭാ സീറ്റ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് പക്ഷം പിടിച്ചുവാങ്ങാനുള്ള സാധ്യത നിലനില്‍ക്കെ, സുരക്ഷിത താളവമെന്ന നിലയില്‍ ഷിന്‍ഡെ പക്ഷത്തേക്കു മിലിന്ദ് നീങ്ങിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

Signature-ad

ഉദ്ധവ് പക്ഷത്തെ അരവിന്ദ് സാവന്താണ് സൗത്ത് മുംബൈ മണ്ഡലത്തില്‍ നിന്നുളള സിറ്റിങ് എംപി. ബിജെപിയും ശിവസേനയും സഖ്യമായി മത്സരിച്ച കഴിഞ്ഞ 2 തവണയും മിലിന്ദിനെ പരാജയപ്പെടുത്തിയ നേതാവാണ് ഇദ്ദേഹം. ശിവസേന പിളരുകയും ഷിന്‍ഡെ പക്ഷം ബിജെപിയുമായും ഉദ്ധവ് വിഭാഗം കോണ്‍ഗ്രസുമായും കൈകോര്‍ക്കുകയും ചെയ്തിരിക്കെ സമാവാക്യങ്ങള്‍ മാറി. മിലിന്ദിനെക്കാള്‍ വിജയസാധ്യത തൊഴിലാളി യൂണിയന്‍ നേതാവും വോട്ടര്‍മാരുമായി കൂടുതല്‍ അടുപ്പം സൂക്ഷിക്കുന്ന സിറ്റിങ് എംപിയുമായ അരവിന്ദ് സാവന്തിനാണെന്ന് ഉദ്ധവ് പക്ഷം കരുതുന്നു. സീറ്റിനുമേല്‍ ഉദ്ധവ് പക്ഷനേതാക്കള്‍ ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിക്കുന്നതില്‍ മിലിന്ദ് അസന്തുഷ്ടനാണെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: