IndiaNEWS

ആംബുലന്‍സ് ഗട്ടറില്‍ വീണു, ‘പരേത’ന്റെ കൈ അനങ്ങി; മരിച്ചെന്ന് വിധിയെഴുതിയാള്‍ക്ക് ‘പുനര്‍ജന്മം’

ചണ്ഡീഗഢ്: റോഡിലെ കുഴികള്‍ യാത്രക്കാര്‍ക്ക് എന്നും ഒരു തലവേദയാണ്. റോഡിലെ കുഴികളില്‍ വീണ് ദിവസവും എത്രയോ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. മരണത്തിനും ഗുരുതര പരിക്കുകള്‍ക്കും വരെ ഇത്തരം അപകടങ്ങള്‍ കാരണമാകാറുണ്ട്. എന്നാല്‍, ഹരിയാനയിലെ 80 കാരന് റോഡിലെ കുഴി കാരണം കിട്ടിയത് സ്വന്തം ജീവന്‍ തന്നെയാണ്… മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വയോധികനാണ് റോഡിലെ കുഴിയില്‍ വീണതിനെത്തുടര്‍ന്ന് പുനര്‍ജന്മം കിട്ടിയിരിക്കുന്നത്.

ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദര്‍ശന്‍ സിങ് ബ്രാര്‍. എന്നാല്‍, ഇദ്ദേഹം മരിച്ചെന്ന് ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിച്ചു. മൃതദേഹം ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹം മരിച്ചിട്ടില്ലെന്ന സത്യം വീട്ടുകാര്‍ മനസിലാക്കിയത്. പട്യാലയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കര്‍ണലിനടത്തുള്ള നിസിംഗിലെ വീട്ടിലേക്കായിരുന്നു ‘മൃതദേഹം’ കൊണ്ടുപോയത്. വീട്ടിലാകട്ടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു.

Signature-ad

ആംബുലന്‍സ് ഹരിയാനയിലെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ റോഡിലെ ഗട്ടറില്‍ വീണു. ഈ സമയം ദര്‍ശന്‍ സിങ് ബ്രാറിന്റെ കൈ അനങ്ങിയതായി ആംബുലന്‍സിലുണ്ടായിരുന്ന ചെറുമകന്റെ ശ്രദ്ധയില്‍പ്പെട്ടു. നോക്കിയപ്പോള്‍ ഹൃദയമിടിപ്പും അനുഭവപ്പെട്ടു. ഉടന്‍ ആംബുലന്‍സ് ഡ്രൈവറോട് തൊട്ടടുത്ത ആശുപത്രിയിലേക്ക് പോകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ മരിച്ചെന്ന് കരുതിയയാള്‍ക്ക് ജീവനുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ കര്‍ണാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, ആരോഗ്യനില ഗുരുതരമാണെന്നും അണുബാധ കാരണം ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

 

 

Back to top button
error: