കാസർകോട്: മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി പെരുമ്പാവൂര നൂലേരി മുടശ്ശേരി സവാദ് (38) കണ്ണൂരില്‍ ഒളിവില്‍ താമസിച്ചത് മൂന്നിടങ്ങളില്‍. വളപട്ടണം മന്നയില്‍ 5 വര്‍ഷവും ഇരിട്ടി വിളക്കോട്ട് 2 വര്‍ഷവും മട്ടന്നൂര്‍ ബേരത്ത് 9 മാസവുമാണ് ഒളിവുജീവിതം നയിച്ചത്.
മഞ്ചേശ്വരത്തെ പാവപ്പെട്ട വീട്ടിൽ നിന്നും ഇയാൾ വിവാഹം കഴിച്ചത് അനാഥൻ എന്ന് പറഞ്ഞാണ്. ഓട്ടോഡ്രൈവറായ പെൺകുട്ടിയുടെ പിതാവിനെ ദക്ഷിണ കന്നഡയിലെ ആരാധനാലയത്തിൽ വച്ചു പരിചയപ്പെട്ടതാണ് വിവാഹത്തിലേക്ക് എത്തിച്ചത്. മഞ്ചേശ്വരം സ്വദേശിക്ക് വിവാഹപ്രായം എത്തിയ മൂന്നിലധികം പെൺമക്കൾ ഉണ്ടത്രേ. അനാഥനെന്ന് പറഞ്ഞതോടെ മനസലിഞ്ഞ ഇദ്ദേഹം മൂത്ത മകളെ വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. 2016 ലാണ് നിക്കാഹ് നടന്നത്
വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം മാത്രമേ സവാദ് മഞ്ചേശ്വരത്ത് ഭാര്യ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പിന്നീടാണ് വളപട്ടണത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇവിടെ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവര്‍ഷത്തിനു ശേഷം മരപ്പണി പഠിക്കാന്‍ പോയി. തുടര്‍ന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. ഒരു സ്ഥലത്തും കൂടുതൽ കാലം താമസിക്കാതെ പല സ്ഥലങ്ങളിലായി ജോലി നോക്കി മാറുകയായിരുന്നു രീതിയെന്നും ഇടയ്ക്കിടെ മാത്രമേ ഭാര്യാ വീട്ടിൽ എത്താറുണ്ടായിരുന്നുള്ളുവെന്നും കൈവെട്ട് കേസിലെ പ്രതിയായിരുന്നു സവാദെന്ന് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ലെന്നുമാണ് ഭാര്യാ വീട്ടുകാർ, കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ഒടുവിൽ ഭാര്യയ്ക്കും നാല് വയസും ഒൻപത് മാസവും പ്രായമുളള രണ്ട് മക്കൾക്കുമൊപ്പം സവാദ് താമസിച്ചത് മട്ടന്നൂര്‍ ബേരത്തെ വാടക വീട്ടിലാണ് ഷാജഹാൻ എന്ന മരപ്പണിക്കാരനായിട്ടാണ് ജീവിതം നയിച്ചത്. റിയാസ് എന്നയാളുടെ സംഘത്തിൽ മരപ്പണിക്കാരനായി പല സ്ഥലങ്ങളിലായി ഇയാൾ പണിയെടുത്തിട്ടുണ്ടത്രേ.
കൈവെട്ട് കേസിന്റെ വിധി വന്നതോടെയാണ് ബേരത്തേക്ക് താമസം മാറിയത്. ഈമാസം വീണ്ടും വീട് മാറാനുള്ള നീക്കത്തിനിടയിലാണ് എന്‍ ഐ.എ സംഘത്തിന്റെ പിടിയിലായത്. ഇവർ സവാദിനെ അന്വേഷിച്ച് ആദ്യമെത്തിയത് കണ്ണൂര്‍ ടൗണിലും പിന്നീട് വളപട്ടണത്തും ആയിരുന്നു. ഇയാള്‍ വിദേശത്ത് കടന്നെന്ന് പ്രചാരമുണ്ടായിരുന്നെങ്കിലും തിരുത്താന്‍ എന്‍.ഐ.എ ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
കണ്ണൂരില്‍ നിന്ന് സവാദിന്റെ ബന്ധുവിന് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലിലാണ് വിളിയെത്തിയത്. ഇതും അന്വേഷണത്തിന് സഹായകമായി.
ഭാര്യപോലും തിരിച്ചറിഞ്ഞില്ല
തന്നെ തിരിച്ചറിയാതിരിക്കാന്‍ താമസിക്കുന്നയിടങ്ങളില്‍ ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും മഞ്ചേശ്വരത്തെ മേല്‍വിലാസവുമാണ് സവാദ് നല്‍കിയിരുന്നത്. അറസ്റ്റ് ചെയ്യുന്ന നിമിഷംവരെ ഭാര്യക്ക് ഇയാളുടെ യഥാര്‍ഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന ഭാര്യക്ക് മലയാളം നന്നായി അറിയില്ലായിരുന്നു. മൂത്ത കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ പ്രഥമാധ്യാപകനോടാണ് യഥാര്‍ഥ പേര് പറയുന്നത്. രണ്ടുപേരുണ്ടെന്നും ഷാജഹാന്‍ എന്നത് വീട്ടിലെ പേരാണെന്നും സവാദ് യഥാര്‍ഥ പേരാണെന്നും പറഞ്ഞു. ഒരിടത്തും നാട്ടുകാരുമായി സവാദ് അടുത്തിടപഴകിയിരുന്നില്ല.
സവാദിന്റെ ഭാര്യയെയും വിവിധ ഘട്ടങ്ങളില്‍ സഹായിച്ചവരെയും പോലീസും ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം പോലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സിംകാര്‍ഡുകള്‍ മാറ്റിയും സ്ഥലങ്ങള്‍ മാറിയുമാണ് എറണാകുളം ഓടക്കാലിയിലെ ബന്ധുക്കളെയും പാര്‍ട്ടിപ്രവര്‍ത്തകരെയും സവാദ് ബന്ധപ്പെട്ടതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഒളിവില്‍ കഴിയാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ വിശ്വസിക്കുന്നത്.
തമിഴ്‌നാട്ടിലും സവാദ് ഒളിവിൽക്കഴിഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ.) സവാദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേപ്പാളിലും ദുബായിലുമെല്ലാം സവാദ് ഒളിവിൽക്കഴിഞ്ഞതായി അഭ്യൂഹങ്ങളുണ്ട്. പക്ഷേ ചോദ്യം ചെയ്യലിൽ ആ കാര്യങ്ങൾ സവാദ് തള്ളുകയാണ്.
കൈവെട്ടിയ മഴു കണ്ടെടുക്കുന്നതും മറ്റു വിവരങ്ങൾ ലഭ്യമാകുന്നതും കേസിൽ നിർണായകമാകും എന്നതിനാൽ അന്വേഷണസംഘം ആ സാധ്യതകളും ആരായുന്നുണ്ട്.
ഒന്നാംപ്രതിയായ സവാദിനെ പ്രൊഫ. ടി.ജെ ജോസഫ് തിരിച്ചറിയേണ്ടതും കേസിൽ പ്രധാനമാണ്. തിരിച്ചറിയൽ പരേഡ് എത്രയും വേഗം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.