KeralaNEWS

മൈലപ്രയിലെ വ്യാപാരിയുടെ വധം; ഹാര്‍ഡ് ഡിസ്ക്കിനായി അച്ചൻകോവിലാറ്റില്‍ തിരച്ചിൽ

പത്തനംതിട്ട: മൈലപ്രയില്‍ കൊല്ലപ്പെട്ട വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയുടെ കടയില്‍നിന്ന് പ്രതികള്‍ കടത്തിയ സി.സി ടി.വി ഹാര്‍ഡ്ഡിസ്ക്കിനായി അച്ചൻകോവിലാറ്റില്‍ തിരച്ചിൽ നടത്തി അന്വേഷണ സംഘം.

ജോര്‍ജ് ഉണ്ണൂണ്ണിയുടെ കടയിലെ സി.സി ടി.വികള്‍ തകര്‍ത്ത സംഘം കൊലപാതകശേഷം ഹാര്‍ഡ് ഡിസ്ക്കുമായാണ് സ്ഥലംവിട്ടത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ അച്ചൻകോവിലാറ്റില്‍ വലഞ്ചുഴി ഭാഗത്ത് ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്ന് ബുധനാഴ്ച വൈകിട്ട് 4.30ഓടെ അന്വേഷണ സംഘം പ്രതികളുമായി വലഞ്ചുഴി ഭാഗത്ത് എത്തുകയും തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബ സംഘം നദിയില്‍ തിരച്ചില്‍ നടത്തുകയും ചെയ്തുവെങ്കിലും ഹാർഡ് ഡിസ്ക് കിട്ടിയില്ല.

Signature-ad

തുടര്‍ദിവസങ്ങളിലും പ്രതികളുമായി തെളിവെടുപ്പ് നടക്കും. വ്യാപാരി കൊല്ലപ്പെട്ട മൈലപ്രയിലെ പുതുവേലില്‍ സ്റ്റോഴ്സിലും ജോര്‍ജ് ഉണ്ണൂണ്ണിയില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണമാല വില്‍ക്കാൻ ശ്രമിച്ചതും വിറ്റതുമായ പത്തനംതിട്ട നഗരത്തിലെ സ്വര്‍ണക്കടകളിലും തെളിവെടുപ്പിന് എത്തിക്കും.

കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലായ പത്തനംതിട്ട വലഞ്ചുഴി സ്വദേശി ഓട്ടോ ഡ്രൈവറുമായ ഹാരിബ്, തമിഴ്നാട് സ്വദേശികളായ മുരുകന്‍, സുബ്രഹ്‌മണ്യന്‍, പത്തനംതിട്ട വലഞ്ചുഴി സ്വദേശി നിയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ ലഭിച്ചത്. കേസിലെ മറ്റൊരു പ്രതി തമിഴ്നാട്ടുകാരൻ മുത്തുകുമാരൻ പിടിയിലാകാനുണ്ട്. മൈലപ്ര പുതുവേലില്‍ സ്റ്റോഴ് ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ (73) ഡിസംബര്‍ 30നാണ് കൊലപ്പെടുത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ നാലംഗസംഘത്തെ അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടരന്വേഷണത്തിന്‍റെയും തെളിവെടുപ്പിന്‍റെയും ഭാഗമായി പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ 18വരെ  പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

സ്വര്‍ണവും പണവും കവര‌ുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജോര്‍ജ് ഉണ്ണൂണ്ണി ധരിച്ചിരുന്ന ഒമ്ബത് പവന്‍റെ‌ മാലയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം 70,000 രൂപയുമാണ് കടയില്‍നിന്ന് അപഹരിച്ചിരുന്നു.

Back to top button
error: