CrimeNEWS

ഫോണ്‍ ഉപയോഗിച്ചു, നാട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ നമ്പര്‍ കൊടുത്തില്ല; സവാദിന് ജോലിസ്ഥലത്ത് അടിക്കടി ഫോണ്‍ വരും

കണ്ണൂര്‍: പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി എറണാകുളം അശമന്നൂര്‍ നീലേലി മുടശേരി സവാദി(38)ന്റെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കണ്ണൂര്‍ മട്ടന്നൂരിനു സമീപം വാടകവീട്ടില്‍ ഒളിവില്‍ കഴിയവേ വീടുവളഞ്ഞ് എന്‍ഐഎ സംഘം പിടികൂടിയ സവാദിനെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന 13 വര്‍ഷം സവാദ് എന്തു ചെയ്തുവെന്നും ഈ കാലയളവില്‍ ആരെല്ലമാണ് സവാദിനെ സഹായിച്ചത് എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎ.

ഇക്കാലമത്രയും സ്വദേശത്തും വിദേശത്തും അരിച്ചുപെറുക്കിയിട്ടും വലയിലാകാതെ ഒളിവില്‍ കഴിയാന്‍ ആരെല്ലാം സവാദിനെ സഹായിച്ചു, എവിടെയെല്ലാം താമസിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ എന്‍ഐഎയുടെ അന്വേഷണ പരിധിയിലുള്ളത്. വളപട്ടണം, വിളക്കോട്ടൂര്‍, ബേരം എന്നിവിടങ്ങളില്‍ സവാദ് ഒളിവില്‍ കഴിഞ്ഞതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം സവാദിനെ സഹായിച്ചത് ആരെന്നാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിലെ സാക്ഷികളെയെല്ലാം കോടതി വീണ്ടും വിസ്തരിക്കും. കൂടുതല്‍ സാക്ഷികളെ ഉള്‍പ്പെടുത്തും. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെക്കുറിച്ചു വിവരം ലഭിച്ചാല്‍ പ്രതിപ്പട്ടികയിലും മാറ്റം വരും.

Signature-ad

ആരോടും ബന്ധം പുലര്‍ത്താതെയാണ് ഒരു വര്‍ഷത്തിലധികമായി ഷാജഹാന്‍ എന്ന പേരില്‍ കഴിഞ്ഞത്. ഭാര്യയും രണ്ടു മക്കളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. വിവാദമായ കൈവെട്ടു കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് മകളെ സവാദിനു വിവാഹം കഴിച്ചു നല്‍കിയതെന്നാണ് കാസര്‍കോട്ടുള്ള ഭാര്യവീട്ടുകാരുടെ പ്രതികരണം. പേരും വിലാസവും മാറ്റിപ്പറഞ്ഞ് 8 വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശിനിയെ വിവാഹം കഴിച്ചത്.

ഭാര്യയ്ക്കും അയല്‍ക്കാരുമായി അടുപ്പമുണ്ടായിരുന്നില്ല. ഭാര്യയുടെ ഒരു സഹോദരന്‍ വല്ലപ്പോഴും വരുന്നതൊഴികെ, അധികം സന്ദര്‍ശകരുമുണ്ടായിരുന്നില്ല. നാട്ടിലെ വിവാഹച്ചടങ്ങുകളിലോ പൊതുപരിപാടികളിലോ പങ്കെടുത്തിരുന്നില്ല.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തിരുന്നവര്‍ പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്കോ അയല്‍വാസികള്‍ക്കോ നമ്പര്‍ കൊടുക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഇതേസമയം, ജോലിസ്ഥലത്ത് അടിക്കടി ഫോണ്‍ വരാറുണ്ടായിരുന്നതായി ഒപ്പം ജോലി ചെയ്തവര്‍ പറയുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച 2 പേര്‍ തിങ്കളാഴ്ച രാവിലെ 9ന് ബൈക്കിലെത്തി സവാദുമായി സംസാരിച്ചിരുന്നു.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ സവാദ് എറണാകുളം നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്യവേയാണ് 2010 ല്‍ കൈവെട്ടു കേസില്‍ പ്രതിയായത്. 25 വയസ്സുള്ളപ്പോഴായിരുന്നു സംഭവം. അന്നു മുതല്‍ ഒളിവിലായിരുന്നു.

 

 

 

Back to top button
error: