KeralaNEWS

തലയ്ക്ക് 10 ലക്ഷം വില, 13 വര്‍ഷം ഒളിവില്‍; ഒടുവിൽ എൻഐഎ കുടുക്കി

മട്ടന്നൂർ: അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി മുടശേരി സവാദ് ഒളിവില്‍ കഴിഞ്ഞത് 13 വർഷം.മട്ടന്നൂരിലെ ഒരു വാടക വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം എൻഐഎ ഇയാളെ പിടികൂടിയത്.

അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കേരള പൊലീസിന്റേയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും കണ്ണുവെട്ടിച്ച്‌, മറ്റൊരു പേരിലാണ് ഭാര്യയ്ക്കും രണ്ട് മക്കളക്കുമൊപ്പം ഇവിടെ കഴിഞ്ഞിരുന്നത്. ഷാജഹാൻ എന്ന പേരിലാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്.

 

Signature-ad

പ്രദേശത്ത് പല വീടുകളിലും വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ കഴിഞ്ഞ രണ്ടു വര്ഷമായി ബേരത്ത് ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാര്ട്ടേഴ്സിലായിരുന്നു കഴിഞ്ഞിരുന്നത്.

 

എട്ട് വര്‍ഷം മുൻപാണ് ഇയാള്‍ കാസര്‍ഗോഡ് നിന്ന് വിവാഹം കഴിച്ചത്. കൈവെട്ട് കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെയായിരുന്നു ഇത്.ഭാര്യ വീട്ടുകാര്‍ക്ക് ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നു. മുൻപ് കണ്ണൂര്‍ ജില്ലയിലെ വളക്കോടാണ് ഇയാള്‍ കുടുംബസമേതം താമസിച്ചിരുന്നത്. മട്ടന്നൂർ പോലൊരു സ്ഥലത്ത് ഇത്രയധികം കാലം ഒളിവില് താമസിച്ചിട്ടും കാസര്‍ഗോഡ് നിന്ന് വിവാഹം ചെയ്തിട്ടും ഇയാളെ കണ്ടെത്താന് അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നത് വലിയ വീഴ്ച തന്നെയാണ്.

 

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഏഴ് വണ്ടികളില്‍ എൻഐഎ ഉദ്യോഗസ്ഥര്‍ സവാദ് താമസിച്ചിരുന്ന മട്ടന്നൂരിലെ വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം തലയില്‍ കറുത്ത തുണിയിട്ട ശേഷമാണ് ഇയാളെ കൊണ്ടുപോയത്. നാട്ടുകാര്‍ക്ക് ആദ്യം സംഭവം എന്താണെന്ന് മനസ്സിലായിരുന്നില്ല. കഞ്ചാവ് കേസിലെ പ്രതിയെ കൊണ്ടുപോയെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീടാണ് രാജ്യത്തെയാകെ നടുക്കിയ കൈവെട്ട് കേസിലെ പ്രതിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്.

 

2010 ജൂലൈ നാലിനാണ് രാജ്യത്തെ ഞെട്ടിച്ച കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്മലമാതാ പള്ളിയില്നിന്ന് കുര്ബാന കഴിഞ്ഞ് മടങ്ങവെ പ്രൊഫ. ടി ജെ ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. മതനിന്ദ സംബന്ധിച്ച കാര്യങ്ങള്‍ക്ക് കുറ്റവിചാരണ നടത്തി വലത് കൈപ്പത്തി പരസ്യമായി വെട്ടിമാറ്റുകയായിരുന്നു.

 

തൊടുപുഴ ന്യൂമാൻ കോളേജിലെ ബികോം മലയാളം ഇന്റേണൽ പരീക്ഷയ്ക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദ ഉണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.

 

കുറ്റകൃത്യം നടന്ന ജൂലൈ 4ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ നീണ്ട 13 വര്‍ഷം സവാദിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൂചനകളുടെ അടിസ്ഥാനത്തില്‍ പിടികൂടാൻ ശ്രമിച്ചുവെങ്കിലും കണ്ടെത്താനായില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് സവാദ് കടന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പടര്‍ന്നിരുന്നു.ഇതേത്തുടർന്ന് ദേശീയ അന്വേഷണ ഏജൻസി വിദേശ രാജ്യങ്ങളിലടക്കം സവാദിനായി അന്വേഷണം നടത്തിയിരുന്നു.

 

കേസിന്റെ വിവിധഘട്ടത്തില്‍ മറ്റുപ്രതികള്‍ പിടിക്കപ്പെട്ടപ്പോഴും ഒന്നാംപ്രതിയായ ഇയാൾ 13 വർഷമായി കേരളത്തിൽ തന്നെ ഒളിവിലായിരുന്നു.കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിലൊന്നാണ് മട്ടന്നൂര്‍ അതുകൊണ്ടു തന്നെ ഇയാള്‍ക്ക് ബാഹ്യസഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരുന്നുണ്ട്.

കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജില്‍, നാസര്‍, നജീബ് എന്നിവര്‍ക്ക് കൊച്ചി എന്‍.ഐ.എ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.ഒമ്ബതാംപ്രതി നൗഷാദ്, പതിനൊന്നാംപ്രതി മൊയ്തീന്‍കുഞ്ഞ്, പന്ത്രണ്ടാംപ്രതി അയൂബ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും വിധിച്ചിരുന്നു.

  ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റുചെയ്ത് വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചായിരുന്നു എന്‍.ഐ.എ വിചാരണ.മറ്റുപ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു.

Back to top button
error: