KeralaNEWS

രാഹുലിന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; മാര്‍ച്ചും റോഡ് ഉപരോധവുമായി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റു ചെയ്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും പാലക്കാടും കൊല്ലത്തും പത്തനംതിട്ടയിലും കണ്ണൂരിലും മലപ്പുറത്തും ആലപ്പുഴയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൊല്ലം ചന്ദനത്തോപ്പില്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കൊല്ലം ചവറയില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ആലപ്പുഴ കായംകുളത്ത് കെ.പി.റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. പത്തനംതിട്ട അടൂരിലും മലപ്പുറത്തും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കണ്ണൂരില്‍ കാല്‍ടെക്‌സ് ജംക്ഷനില്‍ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

Signature-ad

ആലപ്പുഴ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഡിസിസി ഓഫിസില്‍ നിന്നും ഉച്ചയ്ക്ക് 12ന് തുടങ്ങിയ മാര്‍ച്ച് ജനറല്‍ ആശുപത്രി ജംക്ഷനില്‍ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം ഹിറ്റ്‌ലറുടെ ചിത്രവും ചേര്‍ത്തുള്ള കോലം പൊലീസ് ജീപ്പിനു മുകളിലിട്ട് കത്തിക്കാന്‍ ശ്രമിച്ചത് പൊലീസ് അടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുള്ള മുദ്രാവാക്യങ്ങളും മുഴക്കി. റോഡില്‍ 25 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അതിലേറെ പൊലീസും അരമണിക്കൂര്‍ നേരം തെരുവ് യുദ്ധം നടത്തി. ഒരു മണി മുതല്‍ ജനറല്‍ ആശുപത്രി ജംക്ഷനില്‍ റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. 1.45 ഓടെ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്ത് സമരം അവസാനിപ്പിച്ചു.

തിരുവനന്തപുരത്ത് ഫോര്‍ട്ട് ആശുപത്രിക്കു മുന്നില്‍ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞു. രാഹുലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍, പൊലീസ് വാഹനം തടയുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്ത് സംഘടിപ്പിച്ച മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ടൗണ്‍ ചുറ്റി നടന്ന പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ നവകേരള സദസ്സുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ലക്‌സുകള്‍ വലിച്ചുകീറി. തുടര്‍ന്ന് ഗാന്ധി സ്‌ക്വയറില്‍ നിലത്തു കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പിന്നാലെ, പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിനിടെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഇരമ്പി. പിണറായി പൊലീസിന്റെ ഭീകരതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. കമ്മിഷണര്‍ ഓഫിസിനു സമീപം പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ബലപ്രയോഗത്തിനു ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉപരോധസമരം നീണ്ടതോടെ നേതാക്കള്‍ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

പത്തനംതിട്ട അടൂര്‍ മുണ്ടപ്പള്ളിയിലുള്ള വീട്ടില്‍നിന്ന് ഇന്നു പുലര്‍ച്ചെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ നാലാം പ്രതിയാണ് രാഹുല്‍. വൈദ്യപരിശോധനയ്ക്കു ശേഷം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Back to top button
error: